Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൗരിയമ്മ : വഴങ്ങാൻ...

ഗൗരിയമ്മ : വഴങ്ങാൻ ശീലിക്കാത്ത കലാപകാരി -ടി.കെ. വിനോദൻ

text_fields
bookmark_border
ഗൗരിയമ്മ : വഴങ്ങാൻ ശീലിക്കാത്ത കലാപകാരി -ടി.കെ. വിനോദൻ
cancel

കൊല്ലം: കെ.ആർ. ഗൗരിയമ്മ വഴങ്ങാൻ ശീലിക്കാത്ത കലാപകാരിയെന്ന് സാമബഹിക പ്രവർത്തകൻ ടി.കെ. വിനോദൻ. ഇന്ന് (മേയ് 11) ഗൗരിയമ്മയുടെ നാലാം ചരമവാർഷികം വിനോദൻ എഴുതിയ ഓർമ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലാണ്.

മന്ത്രി എന്ന നിലയിൽ അതിപ്രഗത്ഭയായിരുന്നു ഗൗരിയമ്മ. 1957 ലെ മന്ത്രിസഭയിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത ഗൗരിയമ്മയാണ് വിമോചന സമരത്തിന് വഴിവച്ച പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ചത്. തികഞ്ഞ ശത്രുതാ മനോഭാവത്തോടെ സർക്കാരിനെ അപകടത്തിൽ ചാടിക്കാൻ കാത്തിരുന്ന ഉദ്യോഗസ്ഥസംവിധാനത്തെ ഉപയോഗിച്ചു കാര്യങ്ങൾ ചെയ്യിക്കുക എന്നത് ആദ്യമായി മന്ത്രിമാരാകുന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നു.

സി. അച്ചുതമേനോനും ടി.വി. തോമസിനും കെ.ആർ. ഗൗരിയമ്മക്കും മാത്രമാണ് ആ വെല്ലുവിളി വിജയകരമായി നേരിടാൻ കഴിഞ്ഞത്. 1967 ലും 80 ലും 87ലും ഇടതുപക്ഷത്തിൻറെ ഭാഗമായും പിന്നീട് 2001 ൽ യു.ഡി.എഫിലും മന്ത്രിയായപ്പോഴെല്ലാം അസാമാന്യമായ ഭരണപാടവം അവർ പ്രകടിപ്പിച്ചു. ഫയൽ സൂക്ഷ്മമായി പഠിച്ച് പ്രശ്നത്തിൻറെ കാതൽ കണ്ടെത്താൻ ഗൗരിയമ്മയ്ക്കുള്ള അസാധാരണമായ കഴിവിനെക്കുറിച്ച് അവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥർ തികഞ്ഞ മതിപ്പോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും വിനോദൻ വിലിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഗൗരിയമ്മ : വഴങ്ങാൻ ശീലിക്കാത്ത കലാപകാരി- ടി.കെ വിനോദൻ

ഓർമ്മവച്ചു തുടങ്ങുന്ന കാലത്ത് 1970 കളിൽ ഗൗരിയമ്മയാണ് തിരുവിതാംകൂറിൽ ഏറ്റവും അറിയപ്പെടുന്ന സിപിഎം നേതാവ്. 1964ലെ ഭിന്നിപ്പിനു ശേഷം തിരുവിതാംകൂറിൽ സിപിഎം ഉയർത്തിക്കാട്ടിയ നേതാവ് ഗൗരിയമ്മയാണ്. 67ൽ സിപിഎമ്മിൽ നിന്ന് മന്ത്രിമാരായ 4 പേരിൽ തെക്കൻ കേരളത്തിൽ നിന്നുള്ളത് ഗൗരിയമ്മ മാത്രമായിരുന്നു. 70-77 ൽ ഇഎംഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഗൗരിയമ്മയായിരുന്നു ഉപനേതാവ്. ബാലാനന്ദനും അച്ചുതാനന്ദനും അന്ന് നിയമസഭാംഗങ്ങളാണ്. ഇഎംഎസ് - എകെജി - കെആർ ഗൗരി സിന്ദാബാദ് എന്നായിരുന്നു മുദ്രാവാക്യം. 1980 ൽ മുഖ്യമന്ത്രിയാകുന്നതുവരെ നായനാരും സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നതുവരെ അച്ചുതാനന്ദനും പാർട്ടിവൃത്തങ്ങൾക്ക് പുറത്ത് കാര്യമായി അറിയപ്പെട്ടിരുന്നില്ല. പക്ഷേ, നീണ്ട കാലത്തെ പ്രതിപക്ഷവാസം കഴിഞ്ഞ് സിപിഎം ഭരണപക്ഷത്തെത്തിയപ്പോൾ ഗൗരിയമ്മയ്ക്ക് പഴയ പ്രാധാന്യം കിട്ടിയില്ല.

മന്ത്രി എന്ന നിലയിൽ അതിപ്രഗത്ഭയായിരുന്നു ഗൗരിയമ്മ. 1957 ലെ മന്ത്രിസഭയിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത ഗൗരിയമ്മയാണ് വിമോചന സമരത്തിന് വഴിവച്ച പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ചത്. തികഞ്ഞ ശത്രുതാ മനോഭാവത്തോടെ സർക്കാരിനെ അപകടത്തിൽ ചാടിക്കാൻ കാത്തിരുന്ന ഉദ്യോഗസ്ഥസംവിധാനത്തെ ഉപയോഗിച്ചു കാര്യങ്ങൾ ചെയ്യിക്കുക എന്നത് ആദ്യമായി മന്ത്രിമാരാകുന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നു.

അച്ചുതമേനോനും ടി.വി തോമസിനും ഗൗരിയമ്മയ്ക്കും മാത്രമാണ് ആ വെല്ലുവിളി വിജയകരമായി നേരിടാൻ കഴിഞ്ഞത്. 67 ലും 80 ലും 87ലും ഇടതുപക്ഷത്തിൻ്റെ ഭാഗമായും പിന്നീട് 2001 ൽ യുഡിഎഫിലും മന്ത്രിയായപ്പോഴെല്ലാം അസാമാന്യമായ ഭരണപാടവം അവർ പ്രകടിപ്പിച്ചു. ഫയൽ സൂക്ഷ്മമായി പഠിച്ച് പ്രശ്നത്തിൻ്റെ കാതൽ കണ്ടെത്താൻ ഗൗരിയമ്മയ്ക്കുള്ള അസാധാരണമായ കഴിവിനെക്കുറിച്ച് അവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥർ തികഞ്ഞ മതിപ്പോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പാവപ്പെട്ടവരുടെയും പാർശ്വവൽകൃതരുടെയും കൂടെയായിരുന്നു എന്നും ഗൗരിയമ്മ. ആദിവാസികളുടെയും ദളിതരുടെയും താല്പര്യങ്ങൾക്കുവേണ്ടി ഒറ്റയ്ക്കു നിന്നും അവർ പോരാടി. ജാതി എന്ന യാഥാർത്ഥ്യത്തെ അവഗണിക്കുന്നതിനെതിരേ സിപിഎമ്മിൽ അവർ കലാപക്കൊടി ഉയർത്തി. ഇഎംഎസ്സുമായുള്ള ഗൗരിയമ്മയുടെ നിത്യകലഹത്തിൻ്റെ പ്രധാന കാരണം ഇതായിരുന്നു. ജാതിയുടെ ഇരകൾക്ക് കഴിയുന്നതു പോലെ അതിൻ്റെ ഭീകരതകൾ മനസ്സിലാക്കാൻ ജാതി സമ്പ്രദായത്തിൻ്റെ ഗുണഭോക്താക്കൾക്ക് കഴിയില്ലെന്ന് ഗൗരിയമ്മ വിശ്വസിച്ചു.

ജാതിയെയും ജാതി സൃഷ്ടിക്കുന്ന പ്രശ്നങ്ങളെയും കുറിച്ച് പറയുന്നത് ഇടതുപക്ഷത്തിന് ചേർന്നതല്ലെന്നത് ജാതിമേധാവികൾ സ്വാർത്ഥതാല്പര്യം സംരക്ഷിക്കാൻ നടത്തുന്ന പ്രചരണം മാത്രമാണെന്ന് അവർ കുറ്റപ്പെടുത്തി. ജാതി സംബന്ധമായ വിഷയങ്ങൾക്കു നേരേ കണ്ണും കാതും പൊത്താൻ ശ്രമിച്ച യാഥാസ്ഥിതിക ഇടതുപക്ഷത്തിൻ്റെ ഉറക്കം കെടുത്താൻ ഗൗരിയമ്മ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

സ്ത്രീ എന്ന പേരിൽ ഒരാൾക്കും മാറ്റി നിറുത്താൻ കഴിയാത്ത തരത്തിൽ കരുത്തുറ്റതായിരുന്നു ഗൗരിയമ്മയുടെ വ്യക്തിത്വം. സ്ത്രീകൾക്ക് വിലങ്ങുതടിയാകുന്ന വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങൾക്ക് വഴങ്ങാൻ അവർ കൂട്ടാക്കിയില്ല. വിവാഹത്തിന് പ്രഥമപരിഗണന നല്കുന്ന നടപ്പുരീതി അംഗീകരിച്ച സ്ത്രീയായിരുന്നില്ല അവർ.

38-ാമത്തെ വയസ്സിലാണ് ഗൗരിയമ്മ ടി.വി തോമസിനെ വിവാഹം കഴിക്കുന്നത്. പൊരുത്തപ്പെടുന്നില്ല എന്ന് കണ്ടപ്പോൾ വിവാഹജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോരാനും അവർക്ക് മടിയുണ്ടായില്ല. പതിവ്രതകളുടെ കുലീനതാനാട്യത്തിന് അവർ പുല്ലുവില പോലും കല്പിച്ചില്ല. സ്വന്തം വിവാഹജീവിതത്തിൽ സംഭവിച്ചത് എന്താണെന്നതു സംബന്ധിച്ച സ്വന്തം ഭാഗം പരസ്യമായി പറയാനും ഗൗരിയമ്മ തയ്യാറായി.

ഗൗരിയമ്മയ്ക്ക് ന്യായമായും അവകാശപ്പെട്ടതായിരുന്നു മുഖ്യമന്ത്രിസ്ഥാനം. തൊഴിലാളി വർഗ്ഗത്തിൻ്റേത് എന്നവകാശപ്പെടുന്ന രാഷ്ട്രീയപ്പാർട്ടിയിലും ജാതിമേധാവിത്വവും പുരുഷാധിപത്യവും പുലരുന്നതുകൊണ്ടാണ് തനിക്ക് അർഹതപ്പെട്ട സ്ഥാനം നിഷേധിക്കപ്പെട്ടതെന്ന് അവർ വിശ്വസിച്ചു. പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ തീരുമാനം ചരിത്ര വിഡ്ഢിത്തമെന്ന് പരസ്യമായി പറഞ്ഞ ജ്യോതിബസുവിന് എതിരായി ഉയരാത്ത അച്ചടക്കത്തിൻ്റെ വാൾ ഗൗരിയമ്മയ്ക്ക് എതിരേ ഉയർന്നതിന് വേറേ കാരണം കണ്ടെത്താനാവില്ലല്ലോ.

ബോധപൂർവ്വമായും അല്ലാതെയും തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന് അധ:സ്ഥിത ജാതിവിമോചനത്തിൻ്റെയും സ്ത്രീസ്വാതന്ത്രൃത്തിൻ്റെയും ഉള്ളടക്കം നല്കാൻ നടത്തിയ ശ്രമങ്ങളാണ് ഗൗരിയമ്മയെ ചരിത്രപ്രസക്തയാക്കുന്നത്. ആ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ താൻ വിശ്വാസമർപ്പിച്ച പ്രസ്ഥാനത്തിന് കഴിയില്ലെന്ന തിരിച്ചറിവിലാണ് പുതിയ രാഷ്ട്രീയപരീക്ഷണങ്ങൾക്ക് ഗൗരിയമ്മ തുനിഞ്ഞത്.

പിറവി കൊള്ളുംമുമ്പുതന്നെ തകർന്നുപോയ സ്വപ്നമായി മാറി അത്. ഭൂപരിഷ്കരണം ഉൾപ്പെടെ അവർ തുടക്കം കുറിക്കാൻ ശ്രമിച്ച പലതും വിജയകരമായി പൂർത്തിയാക്കാനുള്ള അവസരം ഗൗരിയമ്മയ്ക്ക് ലഭിച്ചില്ല. നേട്ടങ്ങളുടെയും വിജയങ്ങളുടെയും പേരിലാവില്ല, വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന കൊടുങ്കാറ്റുകൾക്ക് തുടക്കം കുറിച്ച ക്രാന്തദർശിയായ കലാപകാരി എന്നാകും ചരിത്രത്തിൽ ഗൗരിയമ്മ ഓർമ്മിക്കപ്പെടുക.

ഇന്ന് (മേയ് 11) ഗൗരിയമ്മയുടെ നാലാം ചരമവാർഷികം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr gouriamma
News Summary - Gouriamma: A rebel who is not used to giving in - T.K. Vinodan
Next Story