ഗൗരിയുടെ ജയില്‍വാസം നീളുന്നു; ആഷിക്കിന്‍െറ കാത്തിരിപ്പും
text_fieldsകല്‍പറ്റ: ജയിലിലേക്ക് പോവണമെന്ന മകന്‍െറ വാശിക്കുമുന്നില്‍ പലപ്പോഴും തോറ്റുകൊടുക്കാന്‍ നിര്‍ബന്ധിതനാവുകയാണ് അഷ്റഫ്. നാലു വയസ്സുകാരന്‍ ആഷിക്ക് ഇടക്കിടെ ജയിലിലേക്ക് പോവണമെന്നാവശ്യപ്പെട്ട് കുറുമ്പുകാട്ടുന്നത് അവിടെ തടവറയില്‍ കഴിയുന്ന അമ്മ ഗൗരിയെ കാണാനാണ്. അമ്മയോടൊട്ടിനിന്നിരുന്ന ഈ ബാലന്‍ കളിയും ചിരിയുമായി കഴിയുന്നതിനിടയില്‍ കഴിഞ്ഞ മേയ് ആറിനാണ് ഗൗരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് യു.എ.പി.എ ചുമത്തിയതോടെ ആദിവാസി യുവതിയായ ഗൗരി ജാമ്യം കിട്ടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണിപ്പോള്‍.
സമാന കേസില്‍ യു.എ.പി. എ ചുമത്തപ്പെട്ട മറ്റു പത്തോളം പേര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഗൗരിക്കും വയനാട്ടില്‍നിന്നുള്ള ചാത്തുവിനും മാത്രം ജാമ്യം നിഷേധിക്കപ്പെടുകയാണെന്ന് അഷ്റഫ് പറയുന്നു. തിരുനെല്ലി അരണപ്പാറ സ്വദേശിനിയാണ് കുറുമ സമുദായക്കാരിയായ ഗൗരി. പെരിന്തല്‍മണ്ണ സ്വദേശിയായ അഷ്റഫും ഗൗരിയും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ജനകീയ സമരങ്ങളില്‍ സാന്നിധ്യമറിയിച്ചിരുന്ന ഗൗരി തൃശൂരില്‍ റിലയന്‍സ് ഗോഡൗണിനെതിരെ നടന്ന സമരത്തിലും പങ്കെടുത്തിരുന്നു. കാടിനുനടുവിലെ തങ്ങളുടെ വീടും കൃഷിയും ആനക്കൂട്ടം നശിപ്പിച്ചതോടെ പകരം സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ നേതൃത്വത്തില്‍ ആദിവാസി വിഭാഗക്കാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്കൊക്കെ പരാതി സമര്‍പ്പിച്ചിരുന്നു. മമ്മൂട്ടി മോഡലായ സോപ്പ് തേച്ച് സൗന്ദര്യം വര്‍ധിച്ചില്ളെന്ന് ചൂണ്ടിക്കാട്ടി മമ്മൂട്ടിക്കും സോപ്പുകമ്പനിക്കുമെതിരെ കേസ് നല്‍കിയ ആളാണ് ചാത്തു.
മാതൃകാ കര്‍ഷകനുള്ള ബഹുമതിയും നേടിയിട്ടുണ്ട്. തലപ്പുഴ, വെള്ളമുണ്ട എന്നിവിടങ്ങളില്‍ പോസ്റ്റര്‍ പതിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ കേസ്. അഷ്റഫും മകനും കേളകത്തെ ഒരു ഷെഡിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഗൗരി ജയിലിലായതോടെ മകനെ ഒറ്റക്കാക്കി ഇപ്പോള്‍ ജോലിക്കുപോലും പോകാന്‍ വയ്യാത്ത അവസ്ഥയിലാണെന്ന് അഷ്റഫ് പറയുന്നു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ അഷ്റഫ് ഇപ്പോള്‍ മകനെ ഒപ്പം കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ കൂട്ടുകാരുടെ വീട്ടില്‍ കൂലിപ്പണിയെടുത്താണ് ജീവിച്ചുപോവുന്നത്. എട്ടുതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. അമ്മ ജയിലിലായതോടെ ആഷിക്കിന്‍െറ ചുറുചുറുക്കൊക്കെ നഷ്ടമായി. ഇപ്പോള്‍ മിക്ക സമയവും സങ്കടപ്പെട്ടിരിക്കുന്ന അവനെ മാസത്തില്‍ ഒരു തവണയെങ്കിലും അമ്മയെ കാണിക്കാന്‍ കൊണ്ടുപോകുമെന്ന് അഷ്റഫ് പറയുന്നു. കേസ് വിളിക്കുമ്പോള്‍ കോടതി വളപ്പില്‍വെച്ചാണ് സമാഗമം അധികവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.