ആദിവാസി മേഖലകളിൽ പോലീസ് രാജെന്ന് ഗോത്രമഹാസഭ
text_fieldsതിരുവനന്തപുരം: മാവോവാദിവേട്ടയുടെ പേരിൽ സംസ്ഥാനത്തെ ആദിവാസിമേഖലകളിൽ പൊലീസ് രാജ് നടക്കുന്നെന്ന് ഗോത്രമഹാസഭ. പട്ടികവർഗവകുപ്പ് പദ്ധതികളുടെ നടത്തിപ്പിൽപോലും പൊലീസ് ഇടപെടുന്നു. ആദിവാസി ഊരുകളിൽ പൊലീസ് നേരിട്ട് യോഗം വിളിക്കുന്നു. അവർ അദാലത്ത് നടത്തുന്നു.
ഊരുകളിൽ ഇപ്പോൾ നടക്കുന്നത് പൊലീസ് വത്കരണമാണ്. വനമേഖലയിൽനിന്ന് ആദിവാസികളെ ക്രമേണ കുടിയിറക്കുന്നതിനാണ് സർക്കാർ മുൻകൈ എടുക്കുന്നത്. അതേസമയം, ആദിവാസികൾക്ക് വനാവകാശനിയമമനുസരിച്ച് കൈവശരേഖ നൽകിയ ഭൂമി കൈയേറ്റക്കാരുടെ കൈയിലാണ്. ഇടുക്കി ജില്ലയിലെ 3000ത്തോളം കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഒരുമാസത്തിലേറെയായി ആദിവാസികൾ കലക്ടറേറ്റ് പടിക്കൽ സമരത്തിലാണ്. കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കലക്ടർ ആദിവാസികളെ ചർച്ചക്കുപോലും വിളിച്ചിട്ടില്ലെന്ന് ഗോത്രമഹാസഭ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കടക്കെണിയിലാക്കി ആദിവാസി ഭൂമി തട്ടിയെടുക്കാനാണ് അധികൃതരുടെ ലക്ഷ്യം.
വയനാട് ജില്ലയിൽ നടപ്പാക്കിയ ‘സ്വയം സന്നദ്ധ’ മാറ്റിപ്പാർപ്പിക്കൽ പദ്ധതി ഫലപ്രദമായിരുന്നില്ല. ആദിവാസികളെ കുടിയിറക്കിയതല്ലാതെ, പുനരധിവാസം നടന്നില്ല. ഇത്തരം പദ്ധതികൾ നിയമവിരുദ്ധമാണ്. കോടികൾ മുടക്കുന്ന െപ്രാജക്ടുകളിൽ മാത്രമാണ് ഉദ്യോഗസ്ഥമേധാവികൾക്ക് താൽപര്യം.
ഗോത്രമഹാസഭ കോ-ഓഡിനേറ്റർ എം. ഗീതാനന്ദൻ, കുഞ്ഞമ്മ മൈക്കിൾ, സുരേഷ് കക്കോട്, ബിനു മടവൂർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.