മകനെ തീവ്രവാദിയാക്കാൻ പറ്റില്ലെന്ന് ദൃഢനിശ്ചയം ചെയ്ത പിതാവ്
text_fieldsകായംകുളം: ‘അധികാര മറവിൽ ഒളിപ്പിക്കാൻ ശ്രമിച്ച സത്യം പുറത്തു കൊണ്ടു വരാനുള്ള പോരാട്ട വഴിയിലായിരുന്ന വൃദ്ധ പിതാവിന് വിട. തെൻറ സന്തോഷങ്ങളെല്ലാം ‘ഫാഷിസം’ കവർന്നെടുത്തുവെന്ന നൊമ്പരവും പേറിയാണ് താമരക്കുളം കൊട്ടക്കാട്ടുശേരി മണലാടി തെക്കതിൽ ഗോപിനാഥൻപിള്ള (78) വിധിക്ക് കീഴടങ്ങിയിരിക്കുന്നത്. ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ജാവേദ് ഗുലാംശൈഖ് (പ്രാണേഷ്കുമാർ പിള്ള) നിരപരാധിയാണെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു. രാജ്യം ഭരിക്കുന്നവരും അവരെ നിയന്ത്രിക്കുന്നവരും പ്രതികളായ കേസ് ഒരിക്കലും തെളിയാൻ പോകുന്നില്ലെന്ന വിശ്വാസത്തിലും പോരാട്ടവഴിയിൽ നിന്നും പിൻമാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
2004 ജൂൺ 14നാണ് മകൻ ജാവേദ് ഗുജ്റാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. കുടുംബസമേതം നാട്ടിൽ വന്ന് മടങ്ങിയതിെൻറ തൊട്ടടുത്ത നാളിലാണ് ഗുജ്റാത്ത് പൊലിസ് ജാവേദിനെ തട്ടികൊണ്ടു പോകുന്നത്. 2004 മെയ് 30നാണ് സ്വന്തം കാറിൽ ജാവേദും കുടുംബവും താമരക്കുളത്ത് എത്തിയത്. ജൂൺ അഞ്ചിന് തിരികെ മടങ്ങി. സംഭവം നടന്ന അഹമ്മദാബാദിൽ ജാവേദ് അടക്കമുള്ളവർ മരിച്ചു കിടന്ന സ്ഥലത്ത് ഈ കാറും ഉണ്ടായിരുന്നു. എന്നാൽ, ‘തീവ്രവാദിയുടെ പിതാവാകാൻ’ കഴിയില്ലെന്ന ദൃഢനിശ്ചയവുമായി ഗോപിനാഥൻപിള്ള രംഗത്തിറങ്ങുകയായിരുന്നു. വാർധക്യ അവശതകൾ തെല്ലും വകവെക്കാതെയാണ് ഗുജറാത്തിലേക്ക് ഗോപിനാഥൻ പിള്ള നിരവധി തവണ യാത്ര നടത്തിയത്.
നരേന്ദ്ര മോദിയുടെ സ്വന്തം നാട്ടിൽ പോയി പോരാട്ടം നടത്തുന്നതിനെ ഈ വൃദ്ധൻ തെല്ലും ഭയപ്പെട്ടിരുന്നുമില്ല. പലപ്പോഴും ഭീഷണികളെ അതിജീവിച്ചാണ് കേസ് കാര്യങ്ങൾക്കായി ഗുജറാത്തിലേക്ക് തീവണ്ടി കയറിയത്. തിക്താനുഭവങ്ങൾ ഒട്ടേറെ അനുഭവിക്കേണ്ടി വന്നു. മനസാക്ഷിയില്ലാത്തവരുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ ഒരിക്കൽ പോലും പിള്ള പതറിയിട്ടുമില്ല. മറക്കാൻ കഴിയാത്ത ഒട്ടനവധി ഓർമകളാണ് പ്രാണേഷിനെ കുറിച്ച് ഗോപിനാഥൻ പിള്ളയിലുള്ളത്.
1991ലാണ് പ്രാണേഷ്കുമാർ പൂനെയിൽ ജോലിയുണ്ടായിരുന്ന പിതാവ് ഗോപിനാഥൻപിള്ളക്കൊപ്പം എത്തുന്നത്. ഇവിടെ വച്ചാണ് അയൽവാസിയായിരുന്ന സജിതയെ വിവാഹം കഴിക്കാനായി ജാവേദ് ഗുലം മുഹമ്മദ് ശൈഖ് എന്ന പേരുമായി ഇസ്ലാം സ്വീകരിക്കുന്നത്. ഇതോടെ ഗോപിനാഥൻപിള്ളയുമായി അകന്ന ജാവേദ് 97ലാണ് പിന്നെ നാടുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഭാര്യ സജിത, മക്കളായ അബൂബക്കർ സിദ്ദീഖ്, സദഫ്, മൂസാ ഖലീലുല്ല എന്നിവരുമായി നിരവധി തവണ നാട്ടിലെത്തി.
മകൻ മരിച്ച ശേഷവും മരുമകളും കുടുംബവുമായി ഇൗടുറ്റ ബന്ധം തന്നെ നിലനിർത്തി മാതൃകയാകാനും കഴിഞ്ഞു. മൂന്ന് മാസം മുമ്പ് പൂനെയിലെത്തി രണ്ടാഴ്ചയോളം അവരോടൊത്ത് കഴിഞ്ഞ ശേഷമാണ് മടങ്ങിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ആരോഗ്യ പരിശോധനകൾക്കായി പോകുന്നതിനിടെ 11ന് രാവിലെയാണ് ഗോപിനാഥപിള്ള സഞ്ചരിച്ച കാർ വയലാറിൽ അപകടത്തിൽപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
