Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിക്കെതിരായ വിദ്വേഷ പോസ്റ്റ് മുക്കി ബി. ഗോപാലകൃഷ്ണൻ

text_fields
bookmark_border
മമ്മൂട്ടിക്കെതിരായ വിദ്വേഷ പോസ്റ്റ് മുക്കി ബി. ഗോപാലകൃഷ്ണൻ
cancel

തൃശൂർ: മമ്മൂട്ടി തന്റെ വീട് സന്ദർശിച്ചതിന് പിന്നാലെ, കഴിഞ്ഞ വർഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പോസ്റ്റ് പിൻവലിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ 2025 നവംബർ 4-ന് നടൻ മമ്മൂട്ടിയടക്കമുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഫേസ്ബുക്കിൽ ഇട്ട വിദ്വേഷ പോസ്റ്റാണ് ഇപ്പോൾ പിൻവലിച്ചത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അവാർഡ് ലഭിച്ചവരിൽ നിന്ന് മുസ്‍ലിം നാമധാരികളായ വ്യക്തികളുടെ പേരുകൾ മാത്രം തരംതിരിച്ചെടുത്ത് വിദ്വേഷ പ്രചാരണം നടത്താനാണ് ബി. ഗോപാലകൃഷ്ണൻ ശ്രമിച്ചത്. മമ്മൂട്ടി, പുരസ്കാരം നേടിയ ഷംല ഹംസ, പ്രത്യേക പരാമർശം ലഭിച്ച ആസിഫ് അലി, ഷൈജു ഖാലിദ് തുടങ്ങിയവരുടെ ചിത്രങ്ങളും പേരുകളും മാത്രം ഉൾപ്പെടുത്തി "ബിസ്മയം... ബിസ്മയം..." എന്നെഴുതിയാണ് അധിക്ഷേപം അടങ്ങിയ കുറിപ്പ് പോസ്റ്റ് ചെയ്തത്.

'ബിസ്മയം... ബിസ്മയം... മികച്ച നടി ഷംല ഹംസ... മികച്ച നടന്‍ മമ്മൂട്ടി... പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍... മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്... ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ''- എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പോസ്റ്റ്.

അടുത്തിടെ ബി. ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചിരുന്നു. മമ്മൂട്ടിയുടെ സന്ദർശനത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി, "സൗഹൃദം എന്നത് രാഷ്ട്രീയത്തിനും ആശയങ്ങൾക്കും അതീതമാണ്" എന്ന് ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരുവശത്ത് മമ്മൂട്ടിക്കെതിരെ പരസ്യമായി വിദ്വേഷ പോസ്റ്റ് നിലനിർത്തുകയും മറുവശത്ത് സൗഹൃദത്തിന്റെ മതേതരത്വം സംസാരിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം പൊതുസമൂഹം ചൂണ്ടിക്കാണിച്ചതോടെയാണ് അദ്ദേഹം പോസ്റ്റ് മുക്കിയത്.

നേരത്തെ ഗുരുവായൂരിൽ മുസ്‍ലിംകൾ മാത്രം എം.എൽ.എമാരാകുന്നു എന്ന തരത്തിൽ ബി.ഗോപാലകൃഷ്ണൻ നടത്തിയ വർഗീയപരാമർശവും വിവാദമായിരുന്നു. ക്രിസ്ത്യാനികൾക്കെതിരെ ആർ.എസ്.എസ് വാരികയിൽ ലേഖനം എഴുതിയും അപരമതവിദേവഷം പ്രകടമാക്കിയിരുന്നു. 'ക്രിസ്ത്യൻ ലോബിയുടെ കുരിശുയുദ്ധം'എന്ന തലക്കെട്ടിൽ കേസരിയിൽ എഴുതിയ ലേഖനമാണ് വിവാദമായത്.

കസ്തൂരി രംഗനെ മുന്നിൽ നിർത്തി ക്രൈസ്തവ സഭ നടത്തുന്ന യുദ്ധപ്രഖ്യാപനം പശ്ചിമഘട്ട മലനിരകൾ ചൂഷണം ചെയ്യാനുള്ള ചർച്ച് കൊളോണിയലിസത്തിന്‍റെ ക്രൂരമായ കുതന്ത്രമാണെന്നാണ് ലേഖനത്തിൽ ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കത്തോലിക്ക സഭയുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. 'മലയോര മേഖലയെ തങ്ങളുടെ ഇടനാഴിയാക്കിയ പള്ളി എന്തിനാണ് കുഞ്ഞാടുകളെ തെരുവിലിറക്കുന്നതെന്ന്' ലേഖനത്തിൽ ഗോപാലകൃഷ്ണൻ ചോദിച്ചു.

'ഗാഡ്ഗിൽ ശാസ്ത്രീയ പഠന അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിനെ അവഹേളിച്ച് അട്ടിമറിക്കാൻ മെത്രാന്മാരും മാഫിയകളും നടത്തുന്ന ഒളിപ്പോരാണ് കസ്തൂരിരംഗൻ റിപ്പോർട്ടും വിശ്വാസികളെ കൊണ്ട് നടത്തുന്ന കുരിശുയുദ്ധവും. പള്ളിപ്പണവും കള്ളപ്പണവും സംരക്ഷിക്കാൻ മെത്രാന്മാരും കുടിയേറ്റ ഭൂമാഫിയകളും ഇതിനുമുമ്പും കൈകോർത്തിട്ടുണ്ട്. 1957ലെ ഭൂപരിഷ്കരണ നിയമത്തിൽ നിന്നും തോട്ടവിള- ഭൂമാഫിയകൾ സംരക്ഷിക്കപ്പെട്ടത് ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാത്ത ഒത്തുകളുടെ ഫലമായിരുന്നു. പശ്ചിമഘട്ടമെന്നത് ആറ് സംസ്ഥാനങ്ങളുടെ ഭാഗമാണെങ്കിലും പല സംസ്ഥാനങ്ങളിലും മെത്രാന്മാർക്ക് സ്വാധീനമില്ല എന്നതാണ് യാഥാർഥ്യം. കർഷകരുടെ പേരിൽ കേരളത്തിൽ മാത്രമേ അവർക്ക് കലാപം നടത്താനാകൂ. ഇടുക്കി കാശ്മീരാക്കുമെന്നും താമരശ്ശേരി നക്‌സൽ കേന്ദ്രമാക്കുമെന്നും മെത്രാന്മാർ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ സഭയുടെ യുദ്ധപ്രഖ്യാപനത്തിൻ്റെ പിന്നിലെ കുതന്ത്രവും രാഷ്ട്രീയക്കളികളും യാഥാർഥ്യവും ചർച്ച ചെയ്യപ്പെടേണ്ടതാണ്' -ലേഖനത്തിൽ ഗോപാലകൃഷ്ണൻ പറഞ്ഞു.

കത്തോലിക്കാ സഭക്കെതിരെ ആർ.എസ്.എസ് ദേശീയ മുഖപത്രമായ ഓര്‍ഗനെസറിൽ വന്ന ലേഖനം പിന്നീട് പിൻവലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ബി. ഗോപാലകൃഷ്ണന്‍റെ പഴയ ലേഖനം പ്രചരിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ ആർഎസ്എസ് വാരിക പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gopalakrishnan withdraws hate post against Mammootty
Next Story