കോട്ടയം: അപൂർവമായ നാടൻ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കുന്നതിന് കോട്ടയം കുര്യനാട് ഇടത്തനാൽ സണ്ണി ഏബ്രഹാമിന്‍റെ ഭാര്യ രശ്മിക്ക് ദേശീയ പുരസ്കാരം. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രാലയത്തിന്‍റെ ഗോപാൽരത്ന പുരസ്കാരമാണ് ലഭിച്ചത്. 3 ലക്ഷം രൂപയാണ് പുരസ്കാരത്തുക.
കൃഷി, വളർത്തു മൃഗ പരിപാലനത്തിൽ വൈവിധ്യത്തിെന്റ വഴികൾ സ്വീകരിച്ച ഇവർക്ക് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. 1,628 അപേക്ഷകളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജയ്പുർ സ്വദേശി സുരന്ദ്ര അവാനക്കാണ് ഒന്നാം സ്ഥാനം.
ഗുജറാത്തിലെ ആനന്ദിൽ നാഷനൽ ഡെയറി ഡവലപ്മെന്‍റ് ബോർഡ് സംഘടിപ്പിച്ച ചടങ്ങിൽ രശ്മി പുരസ്കാരം സ്വീകരിച്ചു. മികച്ച നാടൻ കന്നുകാലി പരിപാലനത്തിനുള്ള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുരസ്കാരവും രശ്മിക്കു ലഭിച്ചിട്ടുണ്ട്.
നാൽപതോളം നാടൻ പശുക്കളും 18 സങ്കരയിനം പശുക്കളുമാണ് കുര്യനാട്ടിലെ ഫാമിലുള്ളത്. നാടൻ പശുക്കളിൽനിന്നു പ്രതിദിനം 25 മുതൽ 30 ലീറ്റർ വരെ പാൽ ലഭിക്കും. വെച്ചൂർ, കാസർകോട്, ഗിർ, റാത്തി, താർപാർക്കർ, സഹിവാൾ തുടങ്ങി നാടൻ പശുക്കളുടെ 17 ഇനങ്ങൾ കുര്യനാട്ടിലെ ഫാമിലുണ്ട്. മത്സ്യകൃഷിയും ആടുകൾ, കോഴികൾ, പ്രാവ്, ഗിനിക്കോഴി, കാട, തേനീച്ച വിവിധയിനം നായ്ക്കൾ എന്നിവയുമുണ്ട്. മണ്ണും രാസവളങ്ങളും കീടനാശിനിയും പൂർണമായും ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന നൂതന കൃഷിസങ്കേതമായ അക്വാപോണിക്സും ഇവർ നടത്തുന്നുണ്ട്.
ഐക്യരാഷ്ട്ര സംഘടനയിൽ 2 പതിറ്റാണ്ട് സേവനമനുഷ്ഠിച്ച സണ്ണിയും കുടുംബവും നാട്ടിൽ മടങ്ങിയെത്തി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
സിനി, സിസി, അനീന, റിസ എന്നിവരാണ് ഈ ദന്പതികളുടെ മക്കൾ.