പെരുമ്പാവൂരിൽ ക്വട്ടേഷൻ സംഘങ്ങള്‍ ഏറ്റുമുട്ടി; വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
text_fieldsക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ തകർന്ന ആഡംബര വാഹനം
പെരുമ്പാവൂർ: ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾക്ക് വെടിയേറ്റു. മറ്റൊരാൾക്ക് വെട്ടേറ്റു. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയേറ്റയാൾ ഗുരുതരാവസ്ഥയിലാണ്.
ബുധനാഴ്ച മാവും ചുവട്ടിൽ പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ആഡംബര വാഹനത്തിലെത്തിയ ഏഴംഗ സംഘം യുവാവിനെ വടിവാളുകൊണ്ട് വെട്ടിവീഴ്ത്തിയ ശേഷം വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ ആദിൽ ഷാ എന്ന ആൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ആദില്‍ ഷായെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നാലു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെത്തിയ ആഡംബര വാഹനം പൂർണമായും തകർന്നു. പൊലീസ് സി.സി.ടി.വി ഉൾപ്പടെ പരിശോധിച്ചു വരികയാണ്. ഒരാഴ്ച മുമ്പുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലെത്തിച്ചതെന്നാണ് വിവരം. ബോംബ് സ്ക്വാഡ് ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
തണ്ടേക്കാട് സ്വദേശി നിസാർ ആണ് പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. വെടിയുതിര്‍ത്ത നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നാണ് വിവരം.