കളമശ്ശേരിയിൽ ചരക്ക് ട്രെയ്ൻ എൻജിൻ പാളം തെറ്റി; ട്രെയ്ൻ ഗതാഗതം രണ്ടര മണിക്കൂർ വൈകും
text_fieldsഅപകടത്തിൽപെട്ട ഗുഡ്സ് ട്രെയിൻ വൈദ്യുതി പോസ്റ്റ് തകർത്ത് പാളത്തിൽ നിന്ന് തെന്നിമാറിയ നിലയിൽ
കൊച്ചി: കളമശ്ശേരിയിൽ ചരക്ക് ട്രെയ്നിന്‍ ഷണ്ടിങ്ങിനിടെ നിയന്ത്രണംവിട്ട് റെയിൽവേ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പാളംതെറ്റി. പിന്നാലെ ട്രെയിൻ ഗതാഗതം താളംതെറ്റി. കളമശ്ശേരി റെയിൽവേ മേൽപാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചക്ക് 2.50ഓടെയാണ് അപകടം. ഫാക്ടിന്‍റെ രാസവളം കയറ്റിയ ട്രെയിനാണ് അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല. സംഭവത്തെത്തുടർന്ന് ഷൊർണൂരിലേക്കുള്ള ഒരുപാത വഴിയുള്ള ഗതാഗതമാണ് തടസ്സപ്പെട്ടത്. ഇതുമൂലം വിവിധ ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ രണ്ടുമണിക്കൂർ വൈകി.
കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഫാക്ടിന്‍റെ ഗോഡൗണിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് വളം എത്തിക്കുന്നതിനായി കയറ്റിയ ട്രെയിനാണ് അപകടത്തിൽപെട്ടത്. ചരക്ക് കയറ്റിയശേഷം പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതിനായി ഷണ്ടിങ് നടത്തുന്നതിനിടെ ഡെഡ് എന്‍റിലെത്തിയപ്പോഴാണ് നിയന്ത്രണംവിട്ട് മൺതിട്ടയിലും കോൺക്രീറ്റ് തിട്ടയിലും ഇടിച്ചത്. തുടർന്ന് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പാളത്തിൽനിന്ന് തെന്നിമാറി നിൽക്കുകയായിരുന്നു. അതോടെ തെക്കുനിന്ന് വടക്കോട്ടുള്ള പാതയിൽ ഗതാഗത തടസ്സമായി. പല പ്രധാന ട്രെയിനുകളും പല സ്റ്റേഷനുകളിലും നിർത്തിയിട്ടു. ഈ ട്രാക്കിൽ വൈദ്യുതിതടസ്സവും നേരിട്ടു.
വൈകിയോടിയത് ഒട്ടേറെ ട്രെയിനുകൾ
എറണാകുളം-ബംഗളൂരു വന്ദേഭാരത്, എറണാകുളം-പാലക്കാട് മെമു, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഏറനാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ രണ്ടുമണിക്കൂര്‍ വൈകിയാണ് ഓടിയത്. വൈകീട്ട് മൂന്നിന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ട പാലക്കാട് മെമു ട്രെയിൻ അടക്കം വൈകി. എറണാകുളം ജങ്ഷൻ-ഷൊർണൂർ മെമു, ബംഗളൂരു-എറണാകുളം ഇന്റർസിറ്റി, കേരള എക്സ്പ്രസ്, ജനശതാബ്ദി, പുണെ എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ്, ഷൊർണൂർ-നിലമ്പൂർ റോഡ് എന്നീ ട്രെയിനുകളും വൈകി.
ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വടക്കുനിന്നുള്ള പാതയിലൂടെ ട്രെയിനുകൾ കടത്തിവിട്ടു. പിന്നാലെ ആക്സിഡന്‍റ് റിലീഫ് വാനും തൊഴിലാളികളും എത്തി ഗതാഗതതടസ്സം നീക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. 5.33ഓടെ പ്രധാന പാതക്ക് സമീപത്തുനിന്ന് അപകടത്തിൽപെട്ട ഗുഡ്സ് ട്രെയിനിന്‍റെ എൻജിൻഭാഗം നീക്കി. പിന്നാലെ തകർന്ന വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ തടസ്സങ്ങൾ നീക്കി 6.23ഓടെ ഗതാഗതം പുനരാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

