‘ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..’: ആശുപത്രിയിൽനിന്ന് ഉമ തോമസ് എം.എൽ.എ, വിഡിയോ കോളിൽ മന്ത്രി ആർ.ബിന്ദു
text_fieldsകൊച്ചി: ‘മിനിസ്റ്ററേ... ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്.., വരുന്ന അസംബ്ലി സെഷനിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷം"... ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, മറ്റ് സഹപ്രവർത്തകർ എന്നിവരുമായി ആശുപത്രി മുറിയിൽ നിന്നും ഉമ തോമസ് എം.എൽ.എ വീഡിയോ കോളിലൂടെ സംസാരിക്കുകയായിരുന്നു...
നൃത്ത പരിപാടിക്കിടെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ആശുപത്രിയിൽനിന്ന് ഉമ തോമസ് നടത്തിയ വിഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമ ടീം എം.എൽ.എയുടെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തു.
ഉമ തോമസിനെ കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റിയിരുന്നു. തലച്ചോറിലേറ്റ ക്ഷതം ഏറെ ഭേദപ്പെട്ടെന്നും റെസ്പിറേറ്ററി തെറപ്പി, ഫിസിയോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി എന്നിവയാണു തുടരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സയോടു മികച്ച രീതിയിൽ പ്രതികരിക്കുന്ന ഉമ തോമസ് നന്നായി സംസാരിക്കുന്നുണ്ട്. അണുബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ വേണ്ടതിനാൽ സന്ദർശകരെ അനുവദിക്കില്ല. അപകടമുണ്ടായ കഴിഞ്ഞ 29 മുതൽ വെന്റിലേറ്ററിലായിരുന്ന എം.എൽ.എയെ ശനിയാഴ്ചയാണ് വെന്റിലേറ്ററിൽ നിന്നു മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

