ഡ്രൈവിങ് ലൈസൻസുള്ളവർക്ക് സന്തോഷവാർത്ത! ഈ മാസം 15 മുതൽ രണ്ട് സുപ്രധാന മാറ്റങ്ങൾ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് ആശ്വാസകരമായ പുതിയ രണ്ട് നീക്കങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും കാലാവധിക്ക് മുന്നേ പുതുക്കുന്നവർക്കും ഗുണകരമാകുന്ന തീരുമാനമാണ് ഈ മാസം 15 മുതൽ നടപ്പാക്കുന്നത്. മോട്ടോർ വെഹിക്കിൾ ആക്ടിൽ ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായാണ് ഈ പ്രധാനപ്പെട്ട ഭേദഗതികൾ.
1. കാലാവധി കഴിഞ്ഞാൽ ഒരുമാസം ഗ്രേസ് പീരീഡ്:
ഡ്രൈവിങ് ലൈസൻസ് കാലാവധി തീർന്നാൽ 30 ദിവസം വരെ പഴയ ലൈസൻസ് തന്നെ ഉപയോഗിക്കാം. 1988ലെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ 30 ദിവസം ഗ്രേസ് പിരിയഡ് എന്ന സംവിധാനം ഉണ്ടായിരുന്നു. എന്നാൽ, 2019 ലെ ഭേദഗതിയോടെ ആ ഗ്രേസ് പീരീഡ് സംവിധാനം അവസാനിപ്പിച്ചു. ഈ വർഷം ആഗസ്റ്റ് 15 മുതൽ പുതിയ ഭേദഗതി പ്രകാരം ഗ്രേസ് പീരീഡ് സംവിധാനം തിരിച്ചുവരികയാണ്. ലൈസൻസ് പുതുക്കാനുള്ള ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ഭേദഗതിയാണിത്.
2. നേരത്തെ പുതുക്കിയാൽ കാലാവധി നഷ്ടം വരില്ല:
കാലാവധിക്ക് മുന്നേ ലൈസൻസ് പുതുക്കുന്നവർക്ക് ഏറെ ഗുണകരമാകുന്നതാണ് മറ്റൊരു പ്രധാന ഭേദഗതി. നിലവിൽ ഡ്രൈവിങ് ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് ഒരുവർഷം മുമ്പ്മുതൽ പുതുക്കാം. എന്നാൽ, അങ്ങനെ പുതുക്കുന്ന സമയത്ത് ഡ്രൈവിങ് ലൈസൻസ് അപ്പ്രൂവ് ചെയ്യുന്ന ഡേറ്റ് മുതലായിരുന്നു പുതിയ ലൈസൻസിന്റെ കാലാവധി ആരംഭിച്ചിരുന്നത്. അങ്ങനെ ചെയ്യുമ്പോൾ ഒരുപാട് ആളുകൾക്ക് കാലാവധി നഷ്ടം സംഭവിച്ചിരുന്നു. പുതിയ
ഭേദഗതിയിലൂടെ ഈ പരാതിയും പരിഹരിച്ചിരിക്കുകയാണ്. ആഗസ്റ്റ് 15 മുതൽ പുതുക്കുന്നവർക്ക് എപ്പോഴാണോ നിലവിലുള്ള ലൈസൻസിന്റെ കാലാവധി തീരുന്നത്, അന്നുമുതലാണ് പുതിയ ലൈസൻസിന്റ കാലാവധി ആരംഭിക്കുക.
ഒരു വർഷത്തിനകം നിങ്ങൾ പുതുക്കിയാലും കാലാവധിക്ക് കോട്ടം തട്ടാതെ, നിലവിലുള്ളതിന്റെ അവസാന തീയതി മുതൽ പുതിയ ലൈസൻസ് പ്രാബല്യത്തിൽ വരുന്നതായിരിക്കും.
കൂടാതെ, ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് മുതൽ കാലാവധി കഴിഞ്ഞ് ഒരു വർഷം വരെ (അതായത് മൊത്തം 2 വർഷം സമയം) ലൈസൻസ് പുതുക്കാനുള്ള അവസരമുണ്ട്.
വിദേശത്തുള്ള വ്യക്തികൾക്ക് നാട്ടിൽ വരാതെ തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം. വിദേശത്തുനിന്ന് ഓൺലൈൻ ആയി പുതുക്കാനാണ് അവസരം. ഒരു ഇന്ത്യൻ ഡോക്ടറോ ഇന്ത്യൻ കോൺസുലേറ്റ് അംഗീകാരമുള്ള ഡോക്ടറോ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ/ കാഴ്ച സർട്ടിഫിക്കറ്റ് മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

