Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരിക്കൽ പോലും ഇന്ത്യൻ...

ഒരിക്കൽ പോലും ഇന്ത്യൻ പതാക ഉയർത്താത്ത ആളാണ് ഗോൾവാൾക്കർ: മുഖ്യമന്ത്രി

text_fields
bookmark_border
ഒരിക്കൽ പോലും ഇന്ത്യൻ പതാക ഉയർത്താത്ത ആളാണ് ഗോൾവാൾക്കർ: മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആർ.എസ്.എസ് സൈദ്ധാന്തികന്‍റെ പേര് നൽകാനുള്ള തീരുമാനത്തിൽ അഭിപ്രായ പ്രകടനവുമായി മുഖ്യമന്ത്രി. സ്വതന്ത്ര ഇന്ത്യയിൽ 1973 വരെ ആർ.എസ്.എസിന്‍റെ സർ സംഘചാലകായി പ്രവർത്തിച്ച ഗോൾവാൾക്കർ ഒരിക്കൽപ്പോലും സ്വാതന്ത്ര്യദിനത്തിൽ ആർ.എസ്.എസ് ആസ്ഥാനത്ത് ഇന്ത്യൻ പതാക ഉയർത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് പേരിടുന്നതില്‍ കേരളത്തിന്‍റെ അഭിപ്രായം കൂടി മാനിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു.

ശാസ്ത്രത്തിന്‍റെ വളർച്ചക്കും പുരോഗതിക്കും ഉതകുന്ന എന്ത് സംഭാവനയാണ് മാധവ് സദാശിവ് ഗോൾവാൾക്കറിൽനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട 1940കളിൽ ആർ.എസ്.എസിന്‍റെ പരമോന്നത നേതാവായിരുന്നു ഗോൾവാൾക്കർ. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുന്നതല്ല തങ്ങളുടെ ധർമമെന്നും മതത്തിനുവേണ്ടി പോരാടുന്നതാണ് ആർ.എസ്.എസിന്‍റെ കർത്തവ്യമെന്നും വ്യക്തമാക്കിയ ആളാണ് സ്വയം സേവകർ ഗുരുജി സ്ഥാനം നൽകിയ ഗോൾവാൾക്കറെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്‍റെ വാക്കുകൾ:

തിരുവനന്തപുരത്ത് ചാരിറ്റബിൾ സൊസൈറ്റി ആയി 1990ൽ തുടങ്ങിയ സ്ഥാപനത്തെയാണ് പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്ന പേരിൽ അന്തർദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കി വികസിപ്പിച്ചത്. 2007ൽ സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കി കേന്ദ്ര സർക്കാർ അതിനെ പരിവർത്തനം ചെയ്തു. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് 20 ഏക്കർ സ്ഥലമാണ് പ്രതിഫലം വാങ്ങാതെ സംസ്ഥാന സർക്കാർ വിട്ടുകൊടുത്തത്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അതുണ്ടായത്. ജഗതിയിലുള്ള മെയിൻ ക്യാമ്പസിനു പുറമെ മറ്റു രണ്ടു ക്യാമ്പസ്‌ കൂടി ഇന്ന് കേരളത്തിൽ ആർജിസിബിക്ക് ഉണ്ട്. തിരുവനന്തപുരത്തെ കിൻഫ്ര പാർക്കിലും, എറണാകുളത്ത് കളമശ്ശേരിയിലുള്ള ബയോനെസ്റ്റിലും.

കേരളം നട്ടുവളർത്തിയ സ്ഥാപനമാണ് ആർജിസിബി. അതിന്റെ വിപുലീകരണം ഈ നാടിന്റെയാകെ ആഗ്രഹമാണ്. ആ സ്ഥാപനത്തിന്മേലാണ് കേന്ദ്രം ഏകപക്ഷീയമായി പുതിയ പേര് കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഓരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവയ്ക്ക് അനുയോജ്യമായ ആളുകളുടെ പേര് കൊടുക്കുന്നത് ഉചിതമാണ് എന്ന കാര്യത്തിൽ അഭിപ്രായഭിന്നതയ്ക്ക് വകയില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നാമധേയത്തിൽ സ്ഥാപനം അറിയപ്പെടുന്നതിലും ആരും എതിർപ്പുന്നയിച്ചിട്ടില്ല. ശാസ്ത്രഗവേഷണരംഗത്ത് അന്താരാഷ്ട്രനിലവാരം പുലർത്തുന്ന സ്ഥാപനത്തിന്റെ ഏതു വളർച്ചാഘട്ടത്തിലും ശാസ്ത്രപഠനത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ യശസ്സ് ആഗോളതലത്തിലുയർത്തിയ ആരുടെയെങ്കിലും പേരിടുന്നതാണ് ഔചിത്യം. പ്രഫുല്ലചന്ദ്രറേയും, ജഗദീഷ് ചന്ദ്ര ബോസും, ശ്രീനിവാസ രാമാനുജനും, സി വി രാമനും മുതൽ ശകുന്തള ദേവിയും, കൽപ്പന ചൗളയും, വെങ്കി രാമകൃഷ്ണനുംവരെയുള്ള ശാസ്ത്രപ്രതിഭകളെ ആധുനിക ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട് എന്നതും ഇത്തരുണത്തിൽ ഓർക്കണം.

കേന്ദ്രം തീരുമാനിച്ചിരിക്കുന്നത് ഈ ഗവേഷണസ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കാനാണ്. അതുകൊണ്ടുമാത്രമാണ് അതിന് മാധവ സദാശിവ ഗോൾവാൾക്കറുടെ പേരിടാൻ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഈയൊരു ഘട്ടത്തിൽ ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതുതന്നെ കഴിഞ്ഞ നാളുകളിൽ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ വികസന ക്ഷേമപ്രവർത്തനങ്ങളിൽനിന്ന് ജനശ്രദ്ധ അകറ്റാനും ഇത്തരത്തിലുള്ള രാഷ്ട്രീയ തർക്കങ്ങളിലേക്ക് ചർച്ചകളെ തിരിച്ചുവിടാനുമാണ്. രാഷ്ട്രീയതിമിരം ബാധിച്ച തീരുമാനമാണിത്. ഇവിടെ ഓർക്കേണ്ട പ്രധാന കാര്യം നാമകരണത്തിന്റെ പ്രശ്നം ഉയർന്നുവന്നിരിക്കുന്നത് ഒരു ശാസ്ത്രഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് എന്നതാണ്.

ശാസ്ത്രാവബോധം വളർത്താൻ ഇന്ത്യൻ പൗരന് ഉത്തരവാദിത്തമുണ്ട് എന്ന് നമ്മുടെ ഭരണഘടനയിൽ അനുച്ഛേദം 51 എ യിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന എന്ത് സംഭാവനയാണ് മാധവ് സദാശിവ് ഗോൾവാൾക്കറിൽനിന്ന് ഉണ്ടായിട്ടുള്ളത് എന്ന് ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട 1940കളിൽ ആർഎസ്എസിന്റെ പരമോന്നത നേതാവായിരുന്നു ഗോൾവാൾക്കർ. ബ്രിട്ടീഷുകാർക്കെതിരെ പൊരുതുന്നതല്ല തങ്ങളുടെ ധർമമെന്നും തങ്ങളുടെ മതത്തിനുവേണ്ടി പോരാടുന്നതാണ് ആർഎസ്എസിന്റെ കർത്തവ്യമെന്നും വ്യക്തമാക്കിയ ആളാണ് സ്വയം സേവകർ ഗുരുജി സ്ഥാനം നൽകിയ ഗോൾവാൾക്കർ. 1945 മുതൽ രാജ്യത്തെമ്പാടും അലയടിച്ച ബഹുജന കർഷക ‐ തൊഴിലാളി സമരങ്ങളുടെ ഫലമായി ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടോടി. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി. സ്വതന്ത്ര ഇന്ത്യയിൽ 1973 വരെ ആർഎസ്എസിന്റെ സർ സംഘചാലകായി പ്രവർത്തിച്ച ഗോൾവാൾക്കർ ഒരിക്കൽപ്പോലും സ്വാതന്ത്ര്യദിനത്തിൽ ആർഎസ്എസ് ആസ്ഥാനത്ത് ഇന്ത്യൻ പതാക ഉയർത്തിയിട്ടില്ല.

ഭരണഘടന പ്രാബല്യത്തിൽ വന്നതോടെ 1950ൽ ഇന്ത്യ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. വ്യക്തികൾക്ക് ആവശ്യത്തിൽ കൂടുതൽ അധികാരങ്ങൾ നൽകുന്ന സംവിധാനമാണ് ജനാധിപത്യം എന്നാക്ഷേപിച്ച് ഗോൾവാൾക്കർ അതിനെ എതിർത്തു. ലോകത്തെ ഏറ്റവും മഹത്തായ നിയമസംഹിത പ്രദാനംചെയ്തത് മനുവാണെന്നും അതുകൊണ്ട് മനുസ്മൃതിയാണ് ഇന്ത്യയുടെ ഭരണഘടന ആകേണ്ടത് എന്നും കരുതിയ വ്യക്തിയാണദ്ദേഹം. മനുസ്മൃതിയിൽ പുരുഷന് സ്ത്രീക്കുമേൽ ഉണ്ടാകേണ്ട അധികാരത്തെക്കുറിച്ചുൾപ്പെടെ പറയുന്നത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലും തുടരണം എന്നായിരുന്നു ഗോൾവാൾക്കറുടെ ഇംഗിതം. ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനാണ് ഗോൾവാൾക്കർ ശ്രമിച്ചത്. ''1950ൽ നാം റിപ്പബ്ലിക്കായ ദിവസംമുതൽ പത്തുവർഷത്തേക്ക് മാത്രമേ ഡോ. അംബേദ്കർ പട്ടികജാതിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ വേണമെന്ന് പരിഗണിക്കുകയുണ്ടായുള്ളൂ. പക്ഷേ, അത്- തുടർന്നുകൊണ്ടിങ്ങനെ പോകുകയാണ്.

ജാതിയിൽമാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേക ആനുകൂല്യങ്ങൾ തുടരാനുള്ള സ്ഥാപിതതാൽപ്പര്യങ്ങൾ വളർത്തുകയും ചെയ്യും. സമുദായത്തിലെ ഇതര ഘടകങ്ങളോടുകൂടി അവർ ഇഴുകിച്ചേരുന്നതിന് ഇത് തടസ്സമാണ് '' എന്നാണ്‌ സംവരണത്തെക്കുറിച്ച്‌ ഗോൾവാൾക്കർ അഭിപ്രായപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയിൽ നാം നമുക്കുവേണ്ടി തയ്യാറാക്കി നൽകിയ ഭരണഘടന നിലനിൽക്കുകയും അതിൻപ്രകാരം ഇന്ത്യക്കാരായ എല്ലാവരും സമന്മാരായ പൗരന്മാരായിരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽത്തന്നെയുള്ള ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും അവരെ ഇല്ലായ്മ ചെയ്യണമെന്നും വിചാരധാരയിലൂടെ ഉദ്ബോധിപ്പിക്കുകയാണ് ഗോൾവാൾക്കർ ചെയ്തത്. ജാതിവ്യവസ്ഥയും അതിൻപ്രകാരമുള്ള വിവേചനങ്ങളും ആധുനിക ജനാധിപത്യ ഇന്ത്യയിലും തുടരണമെന്നു വാദിച്ച് തുല്യത എന്ന മൗലികമായ ഭരണഘടനാ ആശയത്തിനുതന്നെ വിരുദ്ധമായി നിലകൊണ്ടാണ് അദ്ദേഹം സംഘപരിവാറിന്റെ ഗുരുജിയായി സ്ഥാനം നേടിയത്. ''ഹിറ്റ്‌ലറുടെ കീഴിൽ ജർമനിയിൽ നടന്ന വംശഹത്യയിൽനിന്ന് ഇന്ത്യക്ക്- വിലപ്പെട്ട പാഠം ഉൾക്കൊള്ളാനുണ്ട് ''എന്ന് 'നാം, നമ്മുടെ ദേശീയത നിർവചിക്കപ്പെടുമ്പോൾ' എന്നു പുസ്‌തകം എഴുതിയ ഗോൾവാൾക്കർ വൈവിധ്യങ്ങൾ സംരക്ഷിക്കാനും വിവിധ ജനവിഭാഗങ്ങൾ തമ്മിൽ സാഹോദര്യം വളർത്താനും ഉദ്ബോധിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കത്തിന് എതിരായി നിലകൊണ്ട ആളാണ്. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അധികാരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അത്തരം വ്യക്തിയുടെ പേരിൽ അറിയപ്പെടുന്നത് വിരോധാഭാസമാണ്.

അശാസ്ത്രീയതയുടെയും അമാനവികതയുടെയും അപരിഷ്കൃത തത്വത്തിന്റെയും വക്താവായി നിലകൊണ്ട ഒരാളുടെ പേരിൽ മനുഷ്യനന്മയ്ക്കുതകുന്ന ഒരു ശാസ്ത്രസ്ഥാപനം അറിയപ്പെടുന്നത് എങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുക എന്നെങ്കിലും കേന്ദ്ര സർക്കാർ ചിന്തിക്കണം. അവിവേകപൂർണമായ ഈ തീരുമാനത്തിൽനിന്ന്‌ രാജ്യതാൽപ്പര്യത്തിന്റെ പേരിൽ പിന്മാറണം. കേരളത്തിന്റെ കുഞ്ഞാണ് ആർജിസിബി. അതുകൊണ്ടുതന്നെ അതിന്റെ വികസനഘട്ടത്തിൽ പേര് തീരുമാനിക്കുന്നത് കേരളത്തിന്റെകൂടി അഭിപ്രായം മാനിച്ചുകൊണ്ടാകണം. അതാണ് ജനാധിപത്യ മര്യാദ. ഭരണഘടന അനുശാസിക്കുന്ന അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഭരണഘടനയുടെ അന്തസ്സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കണം. അതാണ് നാടിന്റെ പുരോഗതിക്ക് അനിവാര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhav sadasiva GolwalkarPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story