റോഡപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ‘ഗോൾഡൻ ഗോൾ’
text_fieldsഎഐ നിർമിത ചിത്രം
തിരുവനന്തപുരം: കേരളത്തിൽ വർധിച്ചുവരുന്ന റോഡപകടങ്ങളും ഗുരുതര പരിക്കുകളും ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
ഇതിനായി ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കു പുറമെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു സർക്കാർ സ്ഥാപനങ്ങളുടെയും കീഴിലുള്ള ആംബുലൻസുകളെക്കൂടി ഏകോപിപ്പിച്ച് അടിയന്തര ആംബുലൻസ് സേവനത്തിനുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിപുലീകരിക്കും. രണ്ടാംഘട്ടത്തിൽ സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. സംസ്ഥാനത്ത് 335 പുതിയ 108 ആംബുലൻസുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് അടിയന്തര പരിചരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നത്. അപകടത്തിൽപ്പെട്ടവരുടെ ജീവൻ നിർണായകമായ ആദ്യ മണിക്കൂറിൽതന്നെ രക്ഷിക്കുക, അടിയന്തര ചികിത്സ സംവിധാനങ്ങൾ ഏകോപിപ്പിക്കുക, ചികിത്സയ്ക്കായി കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ജീവൻ രക്ഷിക്കുന്നവർക്ക് ആദരം
തിരുവനന്തപുരം: അപകടം കണ്ടയുടൻ 108ൽ വിളിക്കുക, അപകടസ്ഥലം കൃത്യമായി അറിയിക്കുക, പരിക്കേറ്റവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകും. സമയബന്ധിതമായി ഇടപെട്ട് ജീവൻ രക്ഷിക്കുന്ന പൗരന്മാർ, ആംബുലൻസ് ജീവനക്കാർ, കോൾ സെന്റർ പ്രവർത്തകർ, ആശുപത്രികളിലെ ട്രോമാ ചികിത്സാ സംഘങ്ങൾ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ എന്നിവരെ ആദരിക്കും.

