Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിലാഷ് ടോമിയുടെ...

അഭിലാഷ് ടോമിയുടെ തകർന്ന പായ്​വഞ്ചിയുടെ ചിത്രം പുറത്തുവിട്ടു

text_fields
bookmark_border
അഭിലാഷ് ടോമിയുടെ തകർന്ന പായ്​വഞ്ചിയുടെ ചിത്രം പുറത്തുവിട്ടു
cancel

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് റേസ് (ജി.ജി.ആർ) മൽസരത്തിനിടെ കടലിൽ അപകടത്തിൽപ്പെട്ട മലയാളി നാവികൻ കമാന്‍ഡര്‍ അഭിലാഷ് ടോമി സഞ്ചരിച്ച പായ്​വഞ്ചിയുടെ തകർന്ന ചിത്രം പുറത്തുവിട്ടു. ആകാശ നിരീക്ഷണം നടത്തിയ നാവികസേനയുടെ പി.8.ഐ നിരീക്ഷണ വിമാനം പകർത്തിയ 'വി.എസ് തുരിയ'യുടെ ചിത്രമാണ് ജി.ജി.ആർ അധികൃതർ പുറത്തുവിട്ടത്. ആസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1800 നോട്ടിക്കൽ മൈൽ (3333.6 കിലോമീറ്റർ) പടിഞ്ഞാറ് ഭാഗത്തുള്ള പായ് വഞ്ചിയുടെ മുകളിലൂടെയാണ് സേനയുടെ ദീർഘ ദൂര നിരീക്ഷണ വിമാനമായ പി.8.ഐ വിമാനം നിരീക്ഷണം നടത്തിയത്. കന്യാകുമാരിയിൽ (കെയ്പ് കാമറൂൺ) നിന്ന് 2700 നോട്ടിക്കൽ മൈൽ (5020 കിലോമീറ്റർ) അകലെയാണിത്.

ചിത്രത്തിൽ കാണുന്നത് പ്രകാരം പായ് വഞ്ചിയുടെ രണ്ട് പായ് മരങ്ങളും മുന്നിലെ പായയും ശക്തമായ കാറ്റിലും ആഞ്ഞടിച്ച തിരമാലയിലും തകർന്നു തരിപ്പണമായിട്ടുണ്ട്. പ്രധാന പായ് മരം (മെയിൻ മാസ്റ്റ്, പിന്നിലെ പായ് മരം (മിസൈൻ മാസ്റ്റ്), മുന്നിലെ പായ (സ്റ്റേ സെയ്ൽ) എന്നിവയാണ് വി.എസ് തുരിയയിൽ ഉണ്ടായിരുന്നത്. ഇവയൊന്നും ചിത്രത്തിൽ കാണാൻ സാധിക്കില്ല. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റർ ഉയർന്ന് ആഞ്ഞടിച്ച തിരമാലയിലുമാണ് രണ്ട് പായ്മരവും മൂന്നു പായകളും തകർന്നടിഞ്ഞത്.

abhilash-tommy
പായ് വഞ്ചി അപകടത്തിന് മുമ്പ്

ഇന്ത്യൻ മഹാസമുദ്രത്തിലെ അപകടം നടന്ന മേഖല‍യിൽ കനത്ത മഴയും മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തിൽ ശക്തമായ കാറ്റുമാണുള്ളത്. ഇതു കാരണം ഇന്ത്യയുടെയും ആസ്ട്രേലിയൻ പ്രതിരോധ വകുപ്പിന്‍റെയും യുദ്ധകപ്പലുകൾക്ക് പായ് വഞ്ചിയുടെ സമീപം എത്താൻ സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, അടിയന്തര മരുന്നുകളും ഭക്ഷണവും വഞ്ചിയിലെത്തിക്കാനാണ് അധികൃതർ പ്രഥമ മുൻഗണന നൽകുന്നത്. ആസ്ട്രേലിയൻ റെസ്ക്യൂ കോർഡിനേറ്റിങ് കേന്ദ്രത്തിന്‍റെ വിമാനവും പായ് വഞ്ചിയുടെ മുകളിലൂടെ പറന്നതായി ജി.ജി.ആർ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ നാവികസേനയുടെ കപ്പലുകൾ അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരൂ. കൂടാതെ, അപകടം നടന്ന സ്ഥലത്തിന്‍റെ ഏറ്റവും അടുത്തുള്ള ഫ്രാൻസിന്‍റെ മത്സ്യബന്ധന പെട്രോളിങ് കപ്പലായ ഒാസിരിസ് ആദ്യം അഭിലാഷിന്‍റെ അടുത്തെത്തുക. ഈ കപ്പലിലെ ഡോക്ടറും മരുന്നുകളും അടങ്ങുന്ന മെഡിക്കൽ സംഘത്തിന്‍റെ സേവനം പരിക്കേറ്റ നാവികന് ലഭിക്കും.

abhilash-tommy
പായ് വഞ്ചി അപകടത്തിന് ശേഷം

മത്സരത്തിൽ മൂന്നാം സ്ഥാനത്ത് മുന്നേറുന്നതിനിടെ വെള്ളിയാഴ്ചയാണ് അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥ വ്യതിയാനത്തിൽ പായ് വഞ്ചിക്ക് തകരാർ വരുത്തിയത്. മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിലും 14 മീറ്റർ ഉയർന്ന തിരമാലയിലും പായ്മരം ഒടിയുകയായിരുന്നു. കരയുമായി ബന്ധപ്പെടുന്ന റേഡിയോ സംവിധാനത്തിന് തകരാർ സംഭവിച്ചതോടെ അഭിലാഷുമായി കോൺട്രോൾ റൂമിലെ സംഘാടകരുമായി ആശയവിനിമയം തടസപ്പെട്ടു. താൻ സുരക്ഷിതനാണെന്നും എന്നാൽ, എഴുന്നേൽക്കാൻ സാധിക്കുന്നില്ലെന്നും വഞ്ചിയിൽ കിടക്കുകയാണെന്നും അഭിലാഷ് റേഡിയോ സന്ദേശത്തിലൂടെ കൺട്രോൾ റൂമിനെ അറിയിച്ചു.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലാൻ തുറമുഖത്ത് നിന്നാണ്​ ഗോള്‍ഡന്‍ ഗ്ലോബ് റേസ് ആരംഭിച്ചത്. അഭിലാഷ് ടോമിക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 18 പേരാണ് പായ്​വഞ്ചികളിൽ സാഹസിക യാത്ര തുടങ്ങിയത്. ഇതിൽ ഏഴു പേർ വിവധ കാരണങ്ങളാൽ യാത്രാമധ്യേ പിന്മാറി. 83ാം ദിനം ഫിനിഷിങ് പോയിന്‍റിലെത്താൻ 16,113.3 നോട്ടിക്കൽ മൈൽ ഉള്ളപ്പോഴാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്.

abhilash-tomy-position-map
പായ് വഞ്ചി നിലവിലുള്ള സ്ഥലത്തിന്‍റെ ഉപഗ്രഹ ചിത്രം

കേരളത്തിലെ നിന്നുള്ള തടിയും വിദേശ നിർമിത പായകളും ഉപയോഗിച്ച് ഗോവ അക്വാറിസ് ഷിപ് യാഡിൽ തദ്ദേശീയമായി നിർമിച്ച 'വി.എസ് തുരിയ' എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് ടോമിയുടെ യാത്ര. റേസിന്‍റെ ദൂരപരിധിയായ 30,000 നോട്ടിക്കൽ മൈൽ ദൂരം 311 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് 39കാരനായ മലയാളി നാവികൻ ലക്ഷ്യമിട്ടിരുന്നത്. 32 അടി നീളവും 11.5 അടി വീതിയുമുള്ള വഞ്ചിയുടെ ആകെ വിസ്തീർണം 726 ചതുരശ്ര അടിയാണ്. 8845 കിലോഗ്രാമാണ് ഭാരം.

ഗോൾഡൻ ഗ്ലോബ് റേസി (ജി.ജി.ആർ)ന്‍റെ ഭാഗമായി 1968ൽ നടന്ന ആദ്യ യാത്രയിലെ ജേതാവ് ബ്രിട്ടീഷുകാരനായ സർ റോബിൻ നോക്സ് ജോൺസ്റ്റന്‍ ആയിരുന്നു. സർ റോബിന്‍റെ യാത്രയുടെ ഒാർമ്മ പുതുക്കലിന് വേണ്ടിയാണ് ജി.ജി.ആർ 2018 സംഘടിപ്പിച്ചത്. ഫ്രാൻസിൽ നിന്ന് 'സുവാലി' എന്ന് പായ് വഞ്ചിയിൽ യാത്ര പുറപ്പെട്ട സർ റോബിൻ 312 ദിവസം കൊണ്ട് 30000 നോട്ടിക്കൽ മൈൽ പൂർത്തിയാക്കി.

abhilash-tommy thariya
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാതെ പരമ്പരാഗത മാർഗമായ പേപ്പർ മാപ്പും വടക്കുനോക്കിയന്ത്രവും മാത്രമാണ് യാത്രയിൽ ഉപയോഗിക്കാൻ അനുവാദമുള്ളൂ. എന്നാൽ, പായ് വഞ്ചിയുടെ പ്രയാണം മനസിലാക്കാൻ സംഘാടകർ ജി.പി.എസ് സംവിധാനവും അപകട സമയത്ത് നാവികന് റേഡിയോ ബിക്കൻ സംവിധാനവും ഉപയോഗിക്കാൻ കഴിയും.
Show Full Article
TAGS:Abhilash Tomy Golden Globe Race 2018 VS Thariya kerala news malayalam news 
News Summary - Golden Globe Race Released picture of Abhilash Tomy's Vessel VS Thariya -Kerala News
Next Story