മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുമെന്ന് ഗോൾഡ സെല്ലം
text_fieldsതിരുവനന്തപുരം: മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുകയാണ് ലക്ഷ്യമെന്ന് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം. കുറ്റമറ്റരീതിയിൽ സിനിമകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.
ഓരോ സിനിമയും അത് പങ്ക് വെക്കുന്ന രാഷ്ട്രീയവും ലോക ശ്രദ്ധ നേടുമ്പോൾ അതീവ ശ്രദ്ധയോടെ മാത്രമേ ഒരു ക്യൂറേറ്റർക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കൂവെന്നും അവർ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു .ലോകത്തിന് മുൻപിൽ മലയാള സിനിമയെ എത്തിക്കുമ്പോൾ അതിന്റെ നിലവാരം ഉറപ്പാക്കുന്നത് സുപ്രധാനമാണെന്നും സെല്ലം വ്യക്തമാക്കി.
മലയാളം കഠിനമായ ഭാഷയാണ്. ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടെങ്കിലും വിദേശ പ്രേക്ഷകർക്ക് ചിത്രങ്ങൾ ആഴത്തിൽ മനസിലാക്കുന്നതിന് ഭാഷ തടസമാകാറുണ്ടന്നും സെല്ലം പറഞ്ഞു. വിദേശ മേളകളിൽ മലയാള സിനിമയുടെ സബ്ടൈറ്റിൽ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുമ്പോൾ സംവേദനത്തിൽ പ്രശ്നം വരാൻ സാധ്യതയുണ്ട്.
ഇത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കാമെന്നും അവർ പറഞ്ഞു .വിദേശ കമ്പനികളുമായുള്ള സഹകരണം ആദ്യ ഘട്ടത്തിൽ മലയാള സിനിമകൾക്ക് ഗുണം ചെയ്യും .അടുത്ത ഘട്ടത്തിൽ സഹനിർമാണത്തിലേക്ക് കടക്കാമെന്നും അവർ പറഞ്ഞു.
സബ്‌ടൈറ്റിൽ മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ സിനിമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർക്ക് പരിശീലനം നൽകുന്നതിനോടൊപ്പം ഏജൻസികളുടെ സഹായം തേടുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാനാകുമെന്നും ഗോൾഡ സെല്ലം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

