കൊച്ചി: സ്വർണക്കടത്തിന് എന്നും ഒരേ ലോബിയാണ് രാജ്യമാകെ പ്രവർത്തിക്കുന്നതെന്നും അവർ ചട്ടുകമാക്കുന്നവരാണ് കടത്തുകാരായി മാറുന്നതെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നു. സംസ്ഥാനത്തിെൻറ വിവിധ വിമാനത്താവളങ്ങളിലായി അടുത്തിടെ സ്വർണം കടത്തിയതിനു പിടിയിലായവരെ സ്വപ്ന, സരിത്, സന്ദീപ് തുടങ്ങിയവരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ തേടുകയാണ് അന്വേഷണ സംഘം. സ്വർണം കടത്താൻ ഉപയോഗിക്കുന്ന മാർഗങ്ങളും അനുദിനം മാറുന്നു.
പലവട്ടം ഒരേ മാർഗത്തിലൂടെ വിജയകരമായി സ്വർണം കടത്തിയ ശേഷമാണ് അതിൽ ഒറ്റുകാർ വഴി കസ്റ്റംസിനു വിവരം ലഭിക്കുന്നത്. തുടർന്ന് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്നത് നിരീക്ഷിക്കാനും പരിശോധനക്ക് മുൻകൂർ അനുമതി വാങ്ങി തയാറെടുപ്പുകൾ നടത്താനും സാധ്യമായി.
2019-20 കാലയളവിൽ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിൽനിന്ന് 252 കിലോ സ്വർണം പിടികൂടിയതായാണ് കണക്ക്. കഴിഞ്ഞ മൂന്നുമാസം പിടികൂടിയത് ഇതിനു പുറമെയാണ്.