കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ചു കേസുകളിലായി 1.84 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് ബുധൻ, വ്യാഴം ദിവസങ്ങളിലായി 3.66 കിലോഗ്രാം സ്വർണം പിടിച്ചത്. ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ കാസർേകാട് സ്വദേശി ആയിഷത്തിൽനിന്ന് 370 ഗ്രാം സ്വർണമാണ് പിടിച്ചത്. ബാഗേജിലുണ്ടായിരുന്ന വസ്ത്രത്തിനുള്ളിൽ സ്വർണം ചെറുകഷണങ്ങളായിട്ടായിരുന്നു ഒളിപ്പിച്ചത്.
ദുബൈയിൽനിന്നുള്ള സ്പൈസ് ജെറ്റിൽ എത്തിയ കോഴിക്കോട് സ്വദേശികളായ സാലിയിൽനിന്ന് 707.1 ഗ്രാമും അനസിൽനിന്ന് 960.8 ഗ്രാമും സ്വർണമിശ്രിതമാണ് പിടിച്ചത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. വ്യാഴാഴ്ചയിലെ ദുബൈ സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അൻവറിൽനിന്ന് 601 ഗ്രാമും പിടികൂടി. സ്വർണം ഫോയിൽ രൂപത്തിലാക്കി കാർഡ് ബോർഡ് പെട്ടിയുടെ പാളികൾക്കുള്ളിലായി ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈയിലെത്തിയ കടലുണ്ടി സ്വദേശി ഷിബുലാലിൽനിന്ന് 1025 ഗ്രാം സ്വർണം മിശ്രിതരൂപത്തിലാക്കി കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ള ഒളിപ്പിച്ചുവെച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
ഡെപ്യൂട്ടി കമീഷണർ വാഗിഷ് കുമാർ സിങ്ങിെൻറയും അസി. കമീഷണർ സുരേന്ദ്രനാഥിെൻറയും നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം. പ്രകാശ്, കെ.എം. ജോസ്, സത്യമേന്ദ്ര സിങ്, എസ്. ആശ, ഇ.ജി. ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ സുധീർ കുമാർ, യാസിർ അറഫാത്ത്, ജി. നരേജ്, വി.സി. മിനിമോൾ, യോഗേഷ് യാദവ്, രാമേന്ദ്ര സിങ്, സഞ്ജീവ് കുമാർ, ഹവീൽദാർമാരായ ഫ്രാൻസിസ്, അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചെടുത്തത്.