കരിപ്പൂരിൽ 1.66 കോടിയുടെ സ്വര്‍ണം പിടികൂടി
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2.68 കിലോ കള്ളക്കടത്ത് സ്വർണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ആഭ്യന്തര വിപണിയില്‍ 1.66 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് അനധികൃതമായി കടത്തുന്നതിനിടെ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പാലക്കാട് വഴമ്പുറം സ്വദേശി പുത്തന്‍പീടിക മുജീബ്, കാസര്‍കോട് തെക്കില്‍ സ്വദേശി മുഹമ്മദ് ജവാദ് (28), മലപ്പുറം കുന്നപ്പള്ളി സ്വദേശി മീമ്പിടി മുഹമ്മദ് അനീസ് (43) എന്നിവരാണ് പിടിയിലായത്.
മുജീബും മുഹമ്മദ് അനീസും സ്വര്‍ണമിശ്രിതം കാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചും മുഹമ്മദ് ജവാദ് മിക്സിക്കകത്ത് സ്വര്‍ണം ഒളിപ്പിച്ചുമാണ് കള്ളക്കടത്തിന് ശ്രമിച്ചത്. സംശയത്തെ തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ സ്വര്‍ണമിശ്രിതമടങ്ങിയ അഞ്ച് കാപ്സ്യൂളുകളാണ് മുജീബിന്റെ ശരീരത്തിനകത്തുനിന്ന് ലഭിച്ചത്. ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
മിശ്രിതത്തില്‍നിന്ന് 1.59 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് 98 ലക്ഷം രൂപ വിലവരും. അടുത്ത കാലത്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് ഏറ്റവും കൂടുതൽ സ്വർണം കൊണ്ടുവന്ന സംഭവമാണിതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

