കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
text_fieldsrepresentative image
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാബിൻ ക്രൂ അടക്കം ആറ് പേരിൽ നിന്നായി പത്ത് കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസാണ് സ്വർണം പിടിച്ചത്.
ഏകദേശം നാല് കോടിയോളം വില വരുന്ന സ്വർണമാണ് കണ്ടെടുത്തത്. വേർതിരിക്കുമ്പോൾ എട്ട് കിലോയോളമുണ്ടാകും. എയർഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവായ കൊല്ലം സ്വദേശി അൻസാർ സുബൈർ അഹമ്മദാണ് (22) പിടിയിലായത്. ഇയാളിൽനിന്ന് രണ്ട് കിലോഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്.
ഒരുവർഷം മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് കരിപ്പൂരിൽ എത്തിയത്. നേരത്തേ, ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ഇതേ വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരിൽ നിന്നായാണ് എട്ട് കിലോയോളം സ്വർണമിശ്രിതം കണ്ടെടുത്തത്. ഇവരും ശരീരത്തിൽ വിവിധ ഇടങ്ങളിലായാണ് സ്വർണം ഒളിപ്പിച്ചത്.
43 ലക്ഷത്തിെൻറ മിശ്രിതവുമായി എടക്കര സ്വദേശി പിടിയിൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 43 ലക്ഷത്തിെൻറ സ്വർണം കസ്റ്റംസ് പ്രിവൻറിവ് വിഭാഗം പിടികൂടി. നിലമ്പൂർ എടക്കര സ്വദേശി റിയാസ് ഖാനിൽ (43) നിന്നാണ് 831.83 ഗ്രാം സ്വർണ മിശ്രിതം പിടിച്ചത്. ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ട് കെ.കെ. പ്രവീൺ കുമാർ, ഇൻസ്പെക്ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ എം. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.