സ്വർണക്കൊള്ള അന്വേഷണം: എസ്.ഐ.ടിയുടെ പാളിച്ചകൾ തെളിയുന്നു
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പാളിച്ചകൾ തെളിയുന്നു. കേസന്വേഷണം ആരംഭിച്ച് നാലുമാസത്തോളമായിട്ടും കവർച്ച ചെയ്ത സ്വർണം എത്രയെന്നോ അതെവിടെയാണെന്നോ കണ്ടെത്താൻ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. വമ്പൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന നിലയിൽ കാടിളക്കി അന്വേഷണം ആരംഭിച്ച എസ്.ഐ.ടി പക്ഷേ കേസിൽ പല പ്രമുഖരുടെയും പങ്കാളിത്തം കണ്ടെത്താനുള്ള ശ്രമം പോലും നടത്തിയില്ല.
നിലവിൽ ഹൈകോടതിക്ക് മുമ്പാകെ അന്വേഷണം നല്ല രീതിയിൽ നടക്കുന്നെന്ന് എസ്.ഐ.ടി അവകാശപ്പെടുമ്പോഴും സ്വാഭാവിക ജാമ്യത്തിന് പുറമെ അന്വേഷണത്തിലെ പാളിച്ചകൾ വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തുവരികയാണ്. കേസിൽ അറസ്റ്റിൽ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് എസ്.ഐ.ടിയുടെ പാളിച്ച വ്യക്തമാക്കുന്നതാണ്. സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്.ഐ.ടിക്ക് കഴിഞ്ഞില്ലെന്നാണ് ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നത്. കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയാലും തന്ത്രി കുറ്റവിമുക്തനാകുന്ന നിലക്കാണ് കാര്യങ്ങൾ.
ഇത്രയും നാൾ എസ്.ഐ.ടി അവകാശപ്പെട്ട കാര്യങ്ങൾ കോടതി തള്ളുകയാണ്. ഇത് അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. സമാന നിലയാകും മറ്റ് പല പ്രതികളുടെയും കാര്യത്തിലെന്നാണ് സൂചന. അതിനിടെ കുറ്റപത്രം സമർപ്പിക്കാത്തതുമൂലം പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തുവരുന്ന സാഹചര്യവും ഏറുകയാണ്.
കട്ടിളപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ സ്വാഭാവിക ജാമ്യാപേക്ഷയിൽ ഇന്ന് വിധി വരും. ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാലുപേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസിന്‍റെ രണ്ട് ജാമ്യഹരജികളും ഈ മാസം 23ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയ ഈ അപേക്ഷയും അംഗീകരിക്കാനാണ് സാധ്യത.
നഷ്ടപ്പെട്ട സ്വർണത്തിന്‍റെ അളവിലെ കൃത്യതയില്ലായ്മയും എസ്.ഐ.ടിക്ക് വെല്ലുവിളിയാണ്. വി.എസ്.എസ്.സിയിൽ നടത്തിയ പരിശോധനയിൽ വ്യക്തത വരാത്തതിനാൽ ഇപ്പോൾ സംസ്ഥാനത്തിന് പുറത്ത് നടക്കുന്ന പരിശോധനയിലാണ് പ്രതീക്ഷ. കുറ്റപത്രം സമർപ്പിച്ചില്ലെന്ന് മാത്രമല്ല, പ്രതികളുടെ പ്രോസിക്യൂഷൻ അനുമതിക്കായി ഉചിത നടപടി സ്വീകരിക്കുന്നതിലും അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുന്ന സാഹചര്യത്തിൽ കേസന്വേഷണത്തിൽ ഇനി കാര്യമായ പുരോഗതിയുണ്ടാകില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

