സ്വർണ കൊള്ള വീണ്ടും; ഇരുപതോളം ക്ഷേത്രങ്ങളിലെ തിരുവാഭരണം ഉൾപ്പെടെ കാണാനില്ല, അന്വേഷണത്തിന് നിർദേശം
text_fieldsപാറശ്ശാല (തിരുവനന്തപുരം): നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിൽ പെട്ട ഇരുപതിലേറെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ ഉൾപ്പെടെ സ്വർണ, വെള്ളി ഉരുപ്പടികളിൽ വൻകുറവ് കണ്ടെത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശം. നെയ്യാറ്റിൻകര ഗ്രൂപ്പ് അസിസ്റ്റന്റ് കമീഷണർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമീഷണറാണ് നിർദേശം നൽകിയത്. നെയ്യാറ്റിൻകര ഗ്രൂപ്പിനു കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെ സ്വർണം, വെള്ളി ഉരുപ്പടികളുടെ പട്ടിക സംബന്ധിച്ച് അസി. കമീഷണർ സമർപ്പിച്ച റിപ്പോർട്ടുമായി ഒത്തുനോക്കിയപ്പോഴാണ് വൻകുറവ് കണ്ടത്. ശബരിമല സ്വർണക്കൊള്ളക്ക് പിന്നാലെ തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിലെ മറ്റ് ക്ഷേത്രങ്ങളിലും തിരുവാഭരണക്കൊള്ള ഉൾപ്പെടെ വ്യക്തമാക്കുന്നതാണ് സംഭവം.
വിവിധ ക്ഷേത്രങ്ങളിലെ രജിസ്റ്റര്‍ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും തൃക്കണ്ണും തിരുമുഖവും സ്വര്‍ണമുദ്രപ്പൊതിയുമടക്കം അമൂല്യവസ്തുക്കളുടെ വിവരങ്ങളില്‍ വ്യക്തതയില്ലെന്നാണ് തിരുവാഭരണം കമീഷണറുടെ കത്തിലുള്ളത്. 20ഓളം ക്ഷേത്രങ്ങളിലെ കോടികള്‍ മൂല്യമുള്ള തിരുവാഭരണങ്ങളുടെ രജിസ്റ്ററുകളിലും കണക്കുകളിലും ക്രമക്കേടുണ്ടെന്നാണ് വ്യക്തമാകുന്നത്.
നെയ്യാറ്റിന്‍കര ദേവസ്വത്തിലെ 4900 ഗ്രാം സ്വര്‍ണക്കാല്‍ ഉള്‍പ്പെടെ 350 ഓളം ഇനങ്ങളിൽ വ്യക്തതയില്ല. ഒറ്റ ശേഖരമംഗലം ദേവസ്വത്തിന് 2008ന് ശേഷം ലഭിച്ച വെള്ളി തിരുമുഖം, തിരുവാഭരണം എന്നിവ കാണാനില്ല. പാറശ്ശാല ദേവസ്വത്തിൽ സ്വർണക്കട്ടിയും 60ലധികം ഇനങ്ങളും കാണാനില്ല. മുര്യങ്കരയിലെ സ്വര്‍ണ മുദ്രപ്പൊതി സംബന്ധിച്ചും രജിസ്റ്ററില്‍ വ്യക്തതയില്ല. രാമേശ്വരം ദേവസ്വത്തിലെ സ്വര്‍ണ താലികള്‍, ചന്ദ്രക്കല, സ്വര്‍ണ ചെയിന്‍ ഉള്‍പ്പെടെ 70 ഇനങ്ങള്‍, വെങ്ങാനൂര്‍ ദേവസ്വത്തിലെ 16 ഗ്രാം സ്വര്‍ണമാല ഉള്‍പ്പെടെ 60ഓളം ഇനങ്ങള്‍, കേളേശ്വരം ദേവസ്വത്തിലെ സ്വർണഗോപിയും 13 ഇന തിരുവാഭരണ വസ്തുക്കളും, വീരണകാവ് ദേവസ്വത്തിലെ വെള്ളിയിലെ താമരപ്പൂവ്, പെരുങ്കുളത്തൂര്‍ ദേവസ്വത്തിലെ വെള്ളി തട്ടം, മങ്കാര മുട്ടം ദേവസ്വത്തിലെ വെള്ളി തൃക്കണ്ണ്, തിരുമൂക്ക് ചന്ദ്രക്കല, അരങ്ങല്‍ ദേവസ്വത്തിലെ വെള്ളി വകകള്‍, വെള്ളി മുദ്രപ്പൊതി, അരുവല്ലൂര്‍ ദേവസ്വത്തിലെ മുഖാഭരണവും വെള്ളിവകകളും സംബന്ധിച്ച് രജിസ്റ്ററുകളില്‍ അവ്യക്തയുണ്ട്.
ചെഴുങ്ങാനൂര്‍ ദേവസ്വത്തിലെ എട്ടിനം വകകള്‍, തിരുനാരായണപുരം ദേവസ്വത്തിലെ 20ഉം തൃക്കണ്ണപുരം ദേവസ്വത്തിലെ എട്ട് ഇനങ്ങളും ദേവേശ്വരം ദേവസ്വത്തിലെ പത്ത് ഇനങ്ങളും വെള്ളായണി സബ്ഗ്രൂപ്പ് വെള്ളായണി ദേവസ്വത്തിലെ 29 തിരുവാഭരണവകകളും സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ ഭരദ്വാജഋഷീശ്വരം ദേവസ്വത്തിലെ തിരുവാഭരണം രജിസ്റ്ററില്‍ ചേര്‍ക്കാത്ത സ്വര്ണചന്ദ്രക്കല ഉള്‍പ്പെടെയുള്ള ഏതാനും ഇനങ്ങള്‍ ശാന്തി സൂക്ഷിച്ചു വരുന്നതായും കണ്ടെത്തി. മാണിനാട് ദേവസ്വത്തിലെ ആറിനങ്ങള്‍ ഗോള്‍ഡ് മോണിറ്റൈസേഷന് വേണ്ടി ഉപയോഗിച്ചെങ്കിലും അത് തിരുവാഭരണം രജിസ്റ്ററില്‍ കുറവ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളക്ക് പിന്നാലെയാണ് ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള ഉരുപ്പടികൾ പരിപാലിക്കുന്നത് സംബന്ധിച്ച് കണക്കെടുത്ത് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

