പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണക്കമ്പി മോഷണം
text_fieldsപത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്റെ സ്വർണദണ്ഡ് കാണാതായി. ശ്രീകോവിലിന് മുന്നിലെ വാതിലിൽ സ്വർണം പൊതിയാനായി പുറത്തെടുത്ത ദണ്ഡുകളിലൊരെണ്ണമാണ് ശനിയാഴ്ച രാവിലെയോടെ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പൊലീസും ക്ഷേത്ര സുരക്ഷാഉദ്യോഗസ്ഥരും പകൽ മുഴുവനും അരിച്ചുപെറുക്കിയെങ്കിലും ദണ്ഡ് കണ്ടെത്താനായില്ല. സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ജീവനക്കാരെയും ചോദ്യംചെയ്യുന്നുണ്ട്.
ക്ഷേത്രത്തിലെ നിർമാണ ആവശ്യങ്ങള്‍ക്കായുള്ള സ്വർണം സ്ട്രോങ് റൂമിലാണ് കാലങ്ങളായി സൂക്ഷിക്കുന്നത്. ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിന് മുന്നിൽ ശിരസ്, ഉടൽ, പാദം എന്നിവ തൊഴാൻ മൂന്നുവാതിലുകളുണ്ട്. ഇവയിൽ ആദ്യത്തെ നടയിലെ വാതിലിലെ പഴയ സ്വർണം മാറ്റി പുതിയ സ്വർണത്തകിട് സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയാണ്. ഇതിനായി സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വർണം പുറത്തെടുത്തിരുന്നു.
ബുധനാഴ്ചയാണ് അവസാനം ജോലികള്‍ നടന്നത്. ഇതിനുശേഷം സ്വർണം വീണ്ടും സ്ട്രോങ് റൂമിലേക്ക് തിരിച്ചുവെച്ചു. ശനിയാഴ്ച രാവിലെ ജോലി തുടരാനായി സ്വർണം തൂക്കി നോക്കിയപ്പോഴാണ് ഒരു ദണ്ഡ് കുറവാണെന്ന് കണ്ടെത്തിയത്. സ്വർണത്തകിട് വിളക്കിച്ചേർക്കാനുള്ള കാഡ്മിയം ചേർന്നതാണ് കാണാതായ സ്വർണദണ്ഡ്. ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷ വിഭാഗം പൊലീസിന്റെയും സാന്നിധ്യത്തിലാണ് ദിവസവും സ്വർണം പുറത്തെടുക്കുന്നത്. ശ്രീകോവിലിന് മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിലാണ് വാതിലിന്റെ ജോലികൾ നടക്കുന്നത്.
രാവിലെ പുറത്തെടുക്കുന്ന സ്വർണം, ഉപയോഗത്തിന് ശേഷം അളന്ന് രേഖപ്പെടുത്തി സുരക്ഷ മുറിയിലേക്ക് മാറ്റിയിരുന്നതായി എക്സിക്യൂട്ടിവ് ഓഫിസർ ബി. മഹേഷ് പറഞ്ഞു. നിർമാണം നടക്കുന്ന സ്ഥലമുൾപ്പെടെ ക്ഷേത്രപരിസരത്ത് സി.സി ടി.വി കാമറകളുണ്ട്. ഇത് പരിശോധിച്ചപ്പോള്‍ ആരും സ്വർണദണ്ഡ് എടുത്തതായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാമുറി ഇരുൾ നിറഞ്ഞതാണ്. ദണ്ഡ് താഴെ വീണതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. എക്സിക്യൂട്ടിവ് ഓഫിസര്‍ നല്കിയ പരാതിയില്‍ ഫോർട്ട് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

