സ്വർണത്തരിയടങ്ങിയ മണ്ണെന്ന് വിശ്വസിപ്പിച്ച് അരക്കോടി തട്ടിയ ഗുജറാത്തികൾ അറസ്റ്റിൽ
text_fieldsകൊച്ചി: സ്വർണാഭരണ ഫാക്ടറിയിൽനിന്ന് ശേഖരിച്ച സ്വർണത്തരികൾ അടങ്ങിയ മണ്ണെന്ന് വിശ്വസിപ്പിച്ച് നൽകി കബളിപ്പിച്ച ഗുജറാത്തിൽനിന്നുള്ള നാലംഗ സംഘം പിടിയിൽ. തമിഴ്നാട് നാമക്കൽ സ്വദേശികളായ സ്വർണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ ഗുജറാത്ത് സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുൾ മഞ്ചിഭായ് (43), ധർമേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം നോർത്ത് ജനതാ റോഡിൽ കെട്ടിടം വാടകക്കെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയത്.
സ്വർണത്തരികൾ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ച് അഞ്ഞൂറോളം ചാക്കുകളിൽ നിറച്ചുവെച്ചിരുന്ന മണ്ണിൽ നിന്നും തമിഴ്നാട് സ്വദേശികളെക്കൊണ്ട് അഞ്ചുകിലോ പ്രതികൾ എടുപ്പിച്ചു. പിന്നീട് ഇതിന്റെ തൂക്കം നോക്കാൻ ഒരു മുറിയിൽ പ്രത്യേകം തയാറാക്കിയിരുന്ന മേശക്ക് മുകളിൽ െവച്ചിരുന്ന ത്രാസിലേക്ക് സാംപിൾ മണ്ണ് അടങ്ങിയ കിറ്റ് വെച്ചു. ഈ സമയം മേശക്കടിയിൽ ഒളിച്ചിരുന്ന പ്രതികളിലൊരാൾ മേശയിലും ത്രാസിലും നേരത്തേ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വർണലായനി സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചു.
ആദ്യം വാങ്ങിയ മണ്ണ് ശുദ്ധീകരിച്ചപ്പോൾ സ്വർണം ലഭിച്ച തമിഴ്നാട് സ്വദേശികൾ പ്രതികൾക്ക് 50 ലക്ഷം രൂപയും രണ്ട് ചെക്കുകളും നൽകി അഞ്ച് ടൺ മണ്ണ് വാങ്ങി. എന്നാൽ, സാംപിളായി എടുത്ത മണ്ണിൽനിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതൽ അളവിൽ സ്വർണം ലഭിച്ചതിൽ സംശയം തോന്നിയ തമിഴ്നാട് സ്വദേശികൾ പാലാരിവട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പ് നടന്ന സ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട് സേന്ദമംഗലം പൊലീസ് സ്റ്റേഷനിലും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും പരാതികൾ ലഭിച്ചതിൽ അന്വേഷണം നടന്നുവരുകയാണ്. പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രൂപേഷ്, സബ് ഇൻസ്പെക്ടർമാരായ ഒ.എസ്. ഹരിശങ്കർ, ജി. കലേശൻ, എ.എസ്.ഐമാരായ പി.വി. സിഷോഷ്, ടി.എം. ഷാനിവാസ്, എസ്.സി.പി.ഒമാരായ കെ.പി. ജോസി, എൻ.എ. അനീഷ്, ശ്രീക്കുട്ടൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

