രണ്ടാം ദിനം ശിവശങ്കറിനെ ചോദ്യം ചെയ്തത് പത്തര മണിക്കൂർ; മൊഴി വിലയിരുത്തിയ ശേഷം തുടർ നടപടി
text_fieldsെകാച്ചി: രണ്ടു ദിവസത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനുശേഷം എൻ.ഐ.എ വിട്ടയച്ചു. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടത് അറസ്റ്റിലേക്കാണോ എന്ന് തോന്നിപ്പിച്ചെങ്കിലും രാത്രി എട്ടരക്ക്, രണ്ടു ദിവസമായി 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് താൽക്കാലിക വിരാമമിടുകയായിരുന്നു. സെക്രേട്ടറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ പൂർണമായി ലഭിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന സൂചനയാണ് എൻ.ഐ.എ അധികൃതർ നൽകുന്നത്. സി.സി ടി.വി ദൃശ്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധം വെളിപ്പെട്ടാൽ തുടർചോദ്യം ചെയ്യൽ അറസ്റ്റിന് വഴിവെക്കും. ചോദ്യം ചെയ്യലിെൻറ അവസാന നിമിഷംവരെയും സ്വർണക്കടത്തുമായോ പ്രതികളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന മുൻ നിലപാടിലായിരുന്നു ശിവശങ്കർ.
അപകടം മണത്തെങ്കിലും...
തിങ്കളാഴ്ച വൈകീട്ട് ഏഴുവരെ നടന്ന ഒമ്പതു മണിക്കൂർ ചോദ്യം ചെയ്യലിെൻറ തുടർച്ചയായിട്ടായിരുന്നു ചൊവ്വാഴ്ച രാവിലെ 10ന് ചോദ്യം ചെയ്യാൻ ആരംഭിച്ചത്. നേരത്തേ ചോദ്യം ചെയ്യൽ പൂർത്തിയാക്കി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ശിവശങ്കർ എൻ.ഐ.എ ഓഫിസിലെത്തിയത്. എന്നാൽ, തിങ്കളാഴ്ച വൈകീട്ട് വിട്ടയച്ച സമയം കഴിഞ്ഞതോടെ അപകടം മണത്തെങ്കിലും ഒടുവിൽ, അന്വേഷണ ഉദ്യോഗസ്ഥനായ സി. രാധാകൃഷ്ണ പിള്ള തൽക്കാലം പോകാൻ അനുവദിക്കുകയായിരുന്നു. വ്യാഴം, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ആകെ 25 മണിക്കൂറാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യുന്നതിനിടെ ഉച്ചക്ക് കസ്റ്റഡിയിൽ കിട്ടിയ കേസിലെ പ്രധാന സൂത്രധാരനെന്ന് ആരോപിക്കുന്ന കെ.ടി. റമീസിനെ എൻ.ഐ.എ ഓഫിസിലെത്തിച്ചത് ഇവർ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധം പുറത്തുകൊണ്ടുവരാനായിരുന്നു. എന്നാൽ, ഇതിലും എൻ.ഐ.എക്ക് ഒരു വിവരവും ലഭിച്ചില്ല. രണ്ടു ദിവസങ്ങളിലായി എൻ.ഐ.ഐയുടെ ദക്ഷിണ മേഖലയിലെ മൂന്ന് യൂനിറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ആയിരത്തിലേറെ ചോദ്യങ്ങളാണ് ശിവശങ്കറിനോട് ഉന്നയിച്ചത്. ചോദ്യം ചെയ്യൽ പൂർണമായി വിഡിയോ റെക്കോഡ് ചെയ്തതിനൊപ്പം രേഖപ്പെടുത്തുകയും ചെയ്തു.
മൂന്നു യൂനിറ്റുകളിൽ
നിന്നുള്ളവരുടെ ചോദ്യം ചെയ്യൽ
ഹൈദരാബാദ്, ബംഗളൂരു, കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് മാരത്തൺ ചോദ്യം ചെയ്യലിൽ പങ്കാളിയായത്. എൻ.ഐ.എയുടെ ദക്ഷിണ മേഖല ഡി.ഐ.ജി കെ.ബി. വന്ദനതന്നെ നേരിട്ടെത്തി ചോദ്യം ചെയ്യലിന് മേൽനോട്ടം വഹിക്കുകയായിരുന്നു. മറ്റ് പ്രതികളുമായി ബന്ധിപ്പിക്കാവുന്ന പരമാവധി വിവരങ്ങൾ ശിവശങ്കറിൽനിന്ന് എൻ.ഐ.എ ശേഖരിച്ച് കഴിഞ്ഞു. സരിത്ത്, സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരുടെ മൊഴികളിൽ ശിവശങ്കറിനെ കേസുമായി ബന്ധിപ്പിക്കാവുന്ന മൊഴികൾ ഉണ്ടായിരുന്നതായാണ് സൂചന. എന്നാൽ, ചോദ്യം ചെയ്യലിൽ എവിടെയും ഇതിനുള്ള തെളിവ് എൻ.ഐ.എക്ക് ലഭിച്ചില്ല.
സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം വരും ദിവസങ്ങളിൽ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യും. പ്രതികളിൽനിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനഫലം സി-ഡാകിൽനിന്ന് ലഭിച്ചശേഷമാവും ചോദ്യം ചെയ്യൽ. പ്രതികൾക്ക് ശിവശങ്കറുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ ഈ പരിശോധനയിൽ ലഭിക്കുമെന്നാണ് എൻ.ഐ.എ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
