സ്വർണക്കടത്ത്: രണ്ടുപേർ റിമാൻഡിൽ
text_fieldsകരിപ്പൂർ: വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ആറ് പേരിൽ നിന്നായി 4.65 കോടി രൂപയുടെ സ്വർണം പിടിച്ച സംഭവത്തിൽ രണ്ടുപേർ റിമാൻഡിൽ. നാലുപേർക്ക് ജാമ്യം ലഭിച്ചു. ഒരുകോടി രൂപക്ക് മുകളിൽ മൂല്യമുള്ള സ്വർണം കടത്തിയ കോഴിക്കോട് സ്വദേശി പുത്തൂചാലിൽ ഇസ്മായിൽ, മലപ്പുറം മേൽമുറി സ്വദേശി നിസാർ എന്നിവരെയാണ് കോഴിക്കോട് ചീഫ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ കാബിൻ ക്രൂ ഉൾപ്പെടെ ആറ് പേരിൽനിന്നായി 9.87 കിലോഗ്രാം സ്വർണമിശ്രിതമാണ് ഡയറക്ടറേറ്റ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) പിടികൂടിയത്. ഇതിൽനിന്ന് 4.65 കോടി വില വരുന്ന 8.63 കിലോഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. എക്സ്പ്രസിലെ കാബിൻ ക്രൂ കൊല്ലം സ്വദേശി സുബൈർ അൻസാർ മുഹമ്മദിൽനിന്ന് 1.67 കിലോഗ്രാം, കുറ്റ്യാടി സ്വദേശി അർഷാദിൽനിന്ന് 590 ഗ്രാം, പുൽപ്പള്ളി സ്വദേശി ഷിഹാബിൽനിന്ന് 960 ഗ്രാം, പെരുന്തുരുത്തി സ്വദേശി ഫൈസലിൽനിന്ന് 1.08 കിലോഗ്രാം എന്നിങ്ങനെയാണ് പിടിച്ചത്.
ഒരുകോടിക്ക് താഴെയായതിനാലാണ് ഇവരെ ജാമ്യത്തിൽ വിട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം ഡി.ആർ.െഎ ആരംഭിച്ചിട്ടുണ്ട്. കേസ് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിലേക്ക് മാറ്റി.