കൊച്ചി വിമാനത്താവളം വീണ്ടും സ്വർണക്കടത്ത് കേന്ദ്രം: ഒരാഴ്ചക്കുള്ളിൽ പിടിയിലായത് 12 പേർ
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും സ്വർണക്കടത്തിെൻറ കേന്ദ്രമായി മാറുന്നു. ഒരാഴ്ചക്കുള്ളിൽ 12 പേരാണ് സ്വർണക്കടത്തിനിടെ പിടിയിലായത്. ഇതിൽ രണ്ടു പേരൊഴികെ ബാക്കിയുള്ളവർ പിടിയിലായത് ഡി.ആർ.ഐക്ക് രഹസ്യവിവരം ലഭിച്ചതുകൊണ്ടുമാത്രമാണ്. വന്ദേഭാരത് പ്രകാരമുള്ള രാജ്യാന്തര സർവിസുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
ഈ സർവിസുകളിലെത്തുന്നവരെ ഉപയോഗപ്പെടുത്തിയാണ് കള്ളക്കടത്ത് നടത്തുന്നത്. വന്ദേഭാരത് സർവിസുകളിലെത്തുന്നവരിൽ ഏറെയും ഗൾഫ് നാടുകളിൽ ജോലി നഷ്ടപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടവരെ കണ്ടെത്തി അവർക്ക് പണം വാഗ്ദാനം ചെയ്ത് കള്ളക്കടത്ത് നടത്തുകയാണ് ചെയ്യുന്നത്. വ്യാഴാഴ്ച പിടിയിലായ കോഴിക്കോട് സ്വദേശി തനിക്ക് ഒരാൾ നാട്ടിലെ സുഹൃത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏൽപിച്ചതാണ്. ഡോർലോക്കെന്നാണ് കസ്റ്റംസിന് മൊഴി നൽകിയിട്ടുള്ളത്. ഡോർ ലോക്കിനുള്ളിൽ സ്വർണമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പറയുന്നു. എന്നാൽ, ഡോർ ലോക് ഏറ്റുവാങ്ങുമെന്ന് അറിയിച്ചിരുന്നയാളുടെ ടെലിഫോൺ നമ്പർ അറിയില്ലെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. ഇതിൽനിന്ന് ഇയാളുടെ വെളിപ്പെടുത്തൽ ശരിയല്ലെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
ഒരു കോടിയുടെ മുകളിൽ മൂല്യമുള്ള കള്ളക്കടത്ത് നടന്നാൽ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്താറുള്ളൂ. മറ്റ് കേസുകളിൽ സ്വർണം പിടിച്ചെടുക്കും. എന്നാൽ, വലിയ തുക പിഴയായി പിടിയിലായയാൾ അടക്കണം.
ഇതിൽ വീഴ്ചവരുത്തിയാൽ പ്രതിയുടെ സ്വത്തുവകകൾ ജപ്തി ചെയ്ത് തുക ഈടാക്കുന്നതിന് കസ്റ്റംസിന് അധികാരവുമുണ്ട്. സ്വർണം നഷ്ടപ്പെട്ട സാഹചര്യത്തിൽ സാധാരണ പിടിയിലാകുന്നവരെ കള്ളക്കടത്ത് സംഘങ്ങൾ സഹായിക്കുകയില്ല. ചിലർക്ക് സഹായം നൽകിയാൽ അവർ മറ്റാരെയെങ്കിലും പകരക്കാരായി തുടർച്ചയായി കള്ളക്കടത്തിനുവേണ്ടി വിട്ടുകൊടുക്കുകയും വേണം.
നയതന്ത്ര ബാഗേജിൽ കള്ളക്കടത്ത് നടന്ന സംഭവത്തെ തുടർന്നാണ് എക്സ്റേ പരിശോധനയിൽ ഡോർലോക് കണ്ടപ്പോൾ പ്രത്യേകമായി പുറത്തെടുത്ത് പരിശോധിച്ചത്. എല്ലാ യാത്രക്കാരെയും കൂടുതലായി പരിശോധനക്ക് വിധേയമാക്കാൻ കസ്റ്റംസ് ഇൻറലിജൻസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുമുമ്പ് കള്ളക്കടത്ത് കേസിൽ പ്രതികളായവരുടെ വിവരങ്ങൾ ശേഖരിച്ച് ഇത്തരക്കാരുടെ ബാഗേജുകൾ കൂടുതലായി പരിശോധിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

