സ്വർണക്കടത്ത്: ഇ.ഡിക്കെതിരായ ജുഡീഷ്യൽ കമീഷൻ അന്വേഷണത്തിലെ സ്റ്റേ തുടരും; സർക്കാറിന്റെ അപ്പീൽ തള്ളി
text_fieldsകൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷന്റെ അന്വേഷണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. കമീഷനെ നിയോഗിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനവും അന്വേഷണവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹരജിയിലെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി തള്ളിയാണ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളെ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കാനാണ് ജുഡിഷ്യൽ കമീഷനെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. സമാന്തരമായി മറ്റ് അന്വേഷണങ്ങളും പരിശോധനകളും നടക്കുന്നത് സ്വർണക്കടത്ത് കേസന്വേഷണത്തെ തടസ്സപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുമെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ച് 2021 ആഗസ്റ്റ് 11ന് വിജ്ഞാപനം സ്റ്റേ ചെയ്തത്. ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടു കേസുകൾ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെ അന്വേഷണ കമീഷനായി നിയോഗിച്ച് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനവും തുടർ നടപടികളുമാണ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്.
കേന്ദ്ര സർക്കാറിന്റെ ഒരു വകുപ്പ് മാത്രമായ ഇ.ഡിക്ക് സംസ്ഥാന സർക്കാറിനെതിരെ ഹരജി നൽകാൻ കഴിയില്ലെന്നും ഹരജി നിലനിൽക്കില്ലെന്നുമുള്ള വാദം അപ്പീൽ ഹരജിയിലും സർക്കാർ ആവർത്തിച്ചു. എന്നാൽ ഇ.ഡിക്കു വേണ്ടി ഡെപ്യൂട്ടി ഡയറക്ടറാണ് ഹരജി നൽകിയതെന്നത് തിരുത്താൻ കഴിയുന്ന ചെറിയ അപാകത മാത്രമാണെന്ന് വിലയിരുത്തി, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ തെറ്റില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) നടക്കുന്ന അന്വേഷണത്തെ ജുഡീഷ്യൽ അന്വേഷണം ബാധിക്കുകയും പ്രതികൾക്ക് ഗുണകരമാവുകയും ചെയ്യുമെന്ന വിലയിരുത്തലും ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
കേസിന്റെ വാദം ഇനി സിംഗിൾ ബെഞ്ചിൽ തുടരും. അപ്പീലിലെ നിരീക്ഷണങ്ങൾ സിംഗിൾ ബെഞ്ച് മുമ്പാകെയുള്ള കേസിനെ ബാധിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

