സ്വർണക്കടത്ത്: ശിവശങ്കർ ആറ് ദിവസം കൂടി കസ്റ്റംസ് കസ്റ്റഡിയിൽ
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ട മുഴുവൻ പേരെയും വെളിച്ചത്ത് കൊണ്ടു വരേണ്ടതുണ്ടെന്ന നിരീക്ഷണത്തോടെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി കസ്റ്റഡി അനുവദിച്ചത്.
തിങ്കളാഴ്ച സ്വപ്നയെയും സരിത്തിനെയും കസ്റ്റഡിയിൽ വിട്ടുള്ള വിധിക്ക് സമാനമായി കുറ്റകൃത്യത്തിന് പിന്നിൽ വമ്പൻ സ്രാവുകളുടെ പേരുകളുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി ഉന്നത പദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നത് മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് നടത്തുന്ന അന്വേഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തുെവന്നതിന് അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച മൊഴികളുമുണ്ട്. അതുകൊണ്ട് തന്നെ ശിവശങ്കറെ പ്രതി ചേര്‍ത്തത് ന്യായമാണെന്നും കോടതി വ്യക്തമാക്കി. ശിവശങ്കറെ രക്ഷിക്കാൻ ആദ്യഘട്ടത്തില്‍ സ്വപ്ന കളവായി മൊഴി നൽകുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്നും വിധിയിൽ പറയുന്നു. അതിനിടെ, കസ്റ്റംസ് കോടതിയില്‍ മുദ്രവെച്ച കവറില്‍ നൽകിയ സ്വപ്നയുടെ മൊഴി ചോര്‍ത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറിൽ നൽകാൻ ചീഫ് കസ്റ്റംസ് കമീഷണര്‍ക്ക് കോടതി നിർദേശം നൽകി.
മൊഴി ചോർത്തി നൽകിയതിൽ നടപടി ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹരജിയിലാണ് നടപടി. എന്നാൽ, മൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ നിയമപ്രകാരം കഴിയില്ല.
അതേസമയം ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനും അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും കോടതി നിരീക്ഷണം അനിവാര്യമാണ്. അേന്വഷണ ഉദ്യോഗസ്ഥന് മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.