സ്വര്‍ണ കള്ളക്കടത്ത്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രികന് പിടിയില്‍
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണ കടത്തിനു ശ്രമിച്ച യാത്രക്കാരന് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീര്‍ (48) ആണ് പിടിയിലായത്. ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തില്‍ 1.012 കി. ഗ്രാം സ്വർണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ഇതിന് ആഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങിയ ബഷീര്‍ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറാകാത്ത ബഷീറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് ശരീരത്തിനകത്ത് നാല് ക്യാപ്സ്യൂൾ രൂപത്തില്‍ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

