തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസ് പ്രതി സരിത്തുമായി എൻ.ഐ.എ സംഘം തിരുവനന്തപുരത്ത്. തെളിവെടുപ്പിനായാണ് സരിത്തിനെ ചൊവ്വാഴ്ച രാവിലെ എൻ.ഐ.എ സംഘം തിരുവനന്തപുരത്തെത്തിച്ചത്. കൊച്ചിയിൽനിന്നും രാവിലെ സരത്തിനെ പേരൂർക്കട പൊലീസ് ക്ലബ്ബിൽ എത്തിച്ചു.
തിരുവല്ലത്തെ സരിത്തിന്റെ വീട്ടിലടക്കം ഇന്ന് തെളിവെടുപ്പ് നടത്തും. രണ്ടാംഘട്ട തെളിവെടുപ്പാണിത്. രണ്ടു ദിവസം മുമ്പ് സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിന്റെ ആസൂത്രണത്തിൽ സരിത്തിനും നിർണായകമായ പങ്കുണ്ടെന്നാണ് എൻ.ഐ.എ സംഘത്തിന്റെ കണ്ടെത്തൽ.
വാടകവീടുകള്‍ സ്വര്‍ണ കൈമാറ്റ കേന്ദ്രങ്ങൾ; കൈമാറ്റം ഏഴിടത്ത്
തിരുവനന്തപുരം: സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടകവീടുകള്‍ എടുത്തുകൂട്ടിയത് സ്വര്‍ണം കൈമാറാനുള്ള കേന്ദ്രങ്ങളാക്കാനാണെന്ന് എന്‍.ഐ.എ നിഗമനം. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങള്‍. സന്ദീപിെൻറ ബ്യൂട്ടി പാര്‍ലറും വര്‍ക്ഷോപ്പും ഉള്‍പ്പെടെ ഏഴിടങ്ങളില്‍ െവച്ച് സ്വര്‍ണം കൈമാറി. സ്വര്‍ണം കൊണ്ടുപോകാന്‍ യു.എ.ഇ കോണ്‍സുലേറ്റിെൻറ വാഹനവും മറയാക്കി.
ഫൈസൽ ഫരീദ് സിനിമ നിർമാണത്തിനും പണമിറക്കിയതായി സൂചന
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസൽ ഫരീദ് സിനിമ നിർമാണത്തിനും പണമിറക്കിയതായി സൂചന. നാല് സിനിമയുടെ നിർമാണത്തിന് ഇയാൾ ഹവാല പണം ചെലവഴിച്ചെന്നാണ് വിവരം. അടുത്തകാലത്ത് പുറത്തിറങ്ങിയ ചിത്രവും ഇതിലുണ്ട്. ന്യൂജൻ സംവിധായകെൻറ ചിത്രത്തിനും പണം മുടക്കിയതായി സൂചനയുണ്ട്.
സഹായികളിൽ വിമാന, വിമാനത്താവള ജീവനക്കാർ
തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിന് പ്രതികള്‍ക്ക് എയര്‍ലൈന്‍സ് ജീവനക്കാരുടെ സഹായവും ലഭിച്ചെന്ന് സൂചന. ഇതിെൻറ ഭാഗമായി എമിറേറ്റ്സ് തിരുവനന്തപുരം വിമാനത്താവള മാനേജരുടെ മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസും എന്‍.ഐ.എയും. സാധനങ്ങള്‍ അയക്കാന്‍ വിദേശത്തുള്ള ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അറ്റാഷെയുടെ കത്ത് വ്യാജമായി നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഈ കത്തില്‍ ഔദ്യോഗിക ഒപ്പോ മുദ്രയോ ഉണ്ടായിരുന്നില്ല. എന്നിട്ടും മറ്റു പരിശോധനകള്‍ നടത്താതെ എന്തുകൊണ്ട് ബാഗേജ് അയച്ചു എന്നാണ് പരിശോധിക്കുന്നത്.
പൊലീസ് സംഘടന നേതാവുമായി സന്ദീപിന് ബന്ധം; അന്വേഷണം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സന്ദീപുമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് നേതാവ് ആർ. ചന്ദ്രശേഖരനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. മണ്ണന്തല പൊലീസ് മദ്യപിച്ച് പിടികൂടിയ സന്ദീപിനെ ജാമ്യത്തിലിറക്കാന്‍ സംഘടന നേതാവ് സഹായിച്ചെന്ന യൂത്ത് കോൺഗ്രസ് പരാതിയിലും തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി ചന്ദ്രശേഖരനും ഭാര്യയും നൽകിയ പരാതികളിലുമാണ് അന്വേഷണം. ഡി.ഐ.ജി സഞ്ജയ് കുമാറിനാണ് അന്വേഷണച്ചുമതല. നേതാവിെൻറ മൊഴി രേഖപ്പെടുത്തി. അന്വേഷണം ആരംഭിച്ചെങ്കിലും നേതാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അന്വേഷണ ചുമതലയുള്ള ഡി.ഐ.ജി കേസ് അസി. കമീഷണർക്ക് കൈമാറിയെന്നും അദ്ദേഹം ഒരു എസ്.ഐക്ക് കൈമാറിയെന്നും പൊലീസിൽ തന്നെ ആരോപിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് മണ്ണന്തല എസ്.എച്ച്.ഒയുടെ മൊഴിയെടുക്കേണ്ടതുണ്ട്. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ മൊഴിയെടുക്കുന്നതിലെ അനൗചിത്യവും ചൂണ്ടിക്കാട്ടപ്പെടുന്നു. അസി. കമീഷണറാണ് അന്വേഷിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.