നേപ്പാൾ വഴി സ്വർണക്കടത്ത്: െഎ.ബിയുടെ സഹായം തേടി ഡി.ആർ.െഎ
text_fieldsകോഴിക്കോട്: ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ സ്വർണക്കടത്ത് കൂടിയതോടെ സുരക്ഷ പരിശോധന കർശനമാക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) ഇൻറലിജൻസ് ബ്യൂറോയെ (െഎ.ബി) സമീപിക്കുന്നു. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ള പ്രതികൾപോലും പലതവണ അതിർത്തി കടന്ന് കാഠ്മണ്ഡുവഴി ഗൾഫ് യാത്രകൾ നടത്തിയതിെൻറ വിവരങ്ങൾ ലഭിച്ചതോടെയാണ് െഎ.ബിയെ സമീപിക്കാൻ ഡി.ആർ.െഎ കോഴിക്കോട് മേഖല ഒാഫിസ് തീരുമാനിച്ചത്. കരിപ്പൂർ, നെടുമ്പാശ്ശേരി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണം കടത്തുന്ന സംഘങ്ങളിലെ സൂത്രധാരന്മാരടക്കം ഇങ്ങനെ അതിർത്തി കടക്കുന്നുണ്ട്. കർശന പരിശോധനയില്ലാത്തതിനാൽ ആർക്കും ഇന്ത്യയിലേക്ക് കടന്നുവരാമെന്നതാണ് അവസ്ഥ. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി അടുത്തയാഴ്ച െഎ.ബിക്ക് റിപ്പോർട്ട് നൽകുമെന്ന് ഡി.ആർ.െഎയിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യയും നേപ്പാളും തമ്മിലെ കരാർ പ്രകാരം കാഠ്മണ്ഡു അതിർത്തിവഴി ഇന്ത്യക്കാർക്ക് നേപ്പാളിൽ പോകുന്നതിനോ നേപ്പാളികൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിനോ പാസ്പോർേട്ടാ മറ്റു രേഖകളോ ആവശ്യമില്ല. മലയാളികളടക്കമുള്ള സ്വർണക്കടത്ത് സംഘം ഇത് മുതലെടുക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റും സ്വർണം കാഠ്മണ്ഡു വിമാനത്താവളത്തിലും അവിടെനിന്ന് കാറിലോ നടന്നോ ബേൽദാന്തി, ത്രിഭുവന ബാസ്തി എന്നിവ കടന്ന് ഇന്ത്യയിലും എത്തിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ട്രെയിൻ മാർഗം കേരളത്തിലേക്കടക്കം സ്വർണം എത്തിക്കുന്നതായി ഡി.ആർ.െഎ ഉദ്യോഗസ്ഥർ പറയുന്നത്. അതിർത്തി ചെക്ക് പോസ്റ്റിൽ കസ്റ്റംസ്, എമിഗ്രേഷൻ ഉദ്യോഗസ്ഥരുണ്ടെങ്കിലും കാര്യമായ പരിശോധനയില്ല. അതുകൊണ്ടുതന്നെ, വിദേശയാത്ര നടത്തിയതിെൻറ പൂർണ വിവരങ്ങൾ ഇതുവഴി കടക്കുന്നവരുടെ പാസ്പോർട്ടിലില്ല.
കാഠ്മണ്ഡുവഴി സ്വർണം കടത്തിയ സംഘത്തിലെ മൂന്നുപേരെയും സഹായിയെയും ഫെബ്രുവരിയിൽ ഡി.ആർ.െഎ പിടികൂടിയിരുന്നു. 24 സ്വർണ ബിസ്കറ്റുകളുമായി പിടിയിലായ മലപ്പുറം മക്കരപ്പറമ്പ് കുനിക്കാടൻ മൊയ്തീൻകുട്ടി (45), ആനക്കയം പാറക്കുണ്ടൻ ശംസുദ്ദീൻ (33), കോഴിക്കോട്ട് പിടിയിലായ മലപ്പുറം കല്ലങ്ങപാടത്ത് വീട്ടിൽ മുനീർ (34), വേങ്ങര മൊയ്തീൻകുട്ടി എന്ന ബാപ്പുട്ടി (34) എന്നിവരടക്കം നിരവധി തവണ ഇതുവഴി സ്വർണം കടത്തിയതിെൻറ വിവരങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ ദിവസം അറസ്റ്റിലായ താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ സ്വദേശി കോളിക്കൽ മുഹമ്മദ് അസ്ലം (25) കാഠ്മണ്ഡുവിലൂടെയാണ് വിദേശത്തേക്ക് പോവുകയും തിരിച്ചുവരുകയും ചെയ്തത്. സ്വർണക്കടത്ത് കേസിൽ ഡി.ആർ.െഎയുടെ ലുക്കൗട്ട് നോട്ടീസ് നിലനിൽക്കേയാണ് ഇയാൾ ഇന്ത്യ^നേപ്പാൾ അതിർത്തികടന്ന് ആഗസ്റ്റ് നാലിന് ഖത്തറിലേക്ക് പോയത്. ഡിസംബർ 28ന് ഇതുവഴിതന്നെ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.