സ്വർണക്കടത്ത്: മംഗലാപുരം സ്വദേശി പ്രതിപ്പട്ടികയിൽ
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മംഗലാപുരം സ്വദേശിയെ കസ്റ്റംസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. മംഗലാപുരം ഭവന്തി സ്ട്രീറ്റിൽ രാജേന്ദ്രപ്രകാശ് പവാറിനെയാണ് കസ്റ്റംസ് കേസിലെ 24ാം പ്രതിയായി ഉൾപ്പെടുത്തിയത്.
നിരവധി തവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിനു ഹാജരാകുകയോ മറുപടി നൽകുകയോ ചെയ്യാത്ത സാഹചര്യത്തിൽ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയെ സമീപിച്ചിട്ടുണ്ട്. അറസ്റ്റിലായ 16 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് രാജേന്ദ്രപ്രകാശിന് കുറ്റകൃത്യത്തിൽ പങ്കുള്ളതായി കസ്റ്റംസിനു വിവരം ലഭിച്ചത്. വിവരം ലഭിച്ചത് മുതൽ ഇയാളെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. രാജ്യത്തേക്ക് സ്വർണം എത്തിക്കുന്നതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
അതിനിടെ, കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി റബിൻസ് ഹമീദിനെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അനുമതി നൽകി. എൻ.ഐ.എയുടെ കേസിലെ 10ാം പ്രതിയായ റബിൻസിനെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കാട്ടി കസ്റ്റംസ് സൂപ്രണ്ട് വി. വിവേക് നൽകിയ അപേക്ഷ അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഒക്ടോബർ 26നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്തിലെ പങ്കാളിത്തം പുറത്തുവന്നതിനു പിന്നാലെ ദുബൈ പൊലീസ് അധികൃതർ അറസ്റ്റ് ചെയ്ത് അവിടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റബിൻസിനെ എൻ.ഐ.എയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയെ സമീപിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള ആവശ്യവും കസ്റ്റംസ് ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

