യുവാവിന് സ്വർണക്കടത്ത് സംഘത്തിന്റെ മർദനം; ഇടുക്കിയിലെത്തി പ്രതികളെ വലയിലാക്കി താനൂർ പൊലീസ്
text_fieldsസാദിഖ് അലി, വിപിൻ റാം
താനൂർ: താനൂർ മൂച്ചിക്കലിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ ഡീസലൊഴിച്ച് കത്തിക്കാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ ഇടുക്കിയിലെത്തി പിടികൂടി താനൂർ പൊലീസ്. ഡിസംബർ 28നാണ് മൂച്ചിക്കൽ റെയിൽവെ മേൽപ്പാലത്തിനടിയിൽ നിറമരുതൂർ ആലിൻചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് രണ്ടുപേർ കാറിൽ കയറ്റി ക്രൂരമായി മർദിക്കുകയും ഡീസൽ തലയിലൊഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്കായി ഡിജിറ്റൽ തെളിവുകളടക്കമുള്ളവ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
വേങ്ങര ഊരകം സ്വദേശി പറ്റമാർതൊടി സാദിഖ് അലി(26), താനാളൂർ സ്വദേശി കടവൻ കിണറ്റിങ്ങൽ വിപിൻ റാം (30) എന്നീ പ്രതികളെ ഇടുക്കി തങ്കമണിയിലെ റിസോർട്ടിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
താനൂർ ഡിവൈ.എസ്.പി. ബെന്നി, സി.ഐ. വി.വിജയരാജൻ എന്നിവരുടെ നിർദേശ പ്രകാരം താനൂർ സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ശ്രീജിത്ത്, സുജിത്ത്, ഡ്രൈവർ പ്രശോഭ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

