ആലപ്പുഴ: മാന്നാറില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പൊലീസ് എന്‍ഫോഴ്‌സ്‌മെന്റിന് വിവരങ്ങള്‍ കൈമാറി. ലോക്കൽ പൊലീസിന് പുറമെ കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുക.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേരളത്തിലും ഗൾഫിലും വലിയ ശൃoഖല തന്നെയുണ്ടെന്നാണ് പൊലീസിന്‍റെകണ്ടെത്തൽ. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തുള്ളവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോകുന്നതിനായി നിർദ്ദേശം നൽകിയത്. മുഹമ്മദ് ഹനീഫയുടെ സ്വർണക്കടത്ത് സംഘത്തിലെ 9 പേരാണ് ആലപ്പുഴയിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചട്ടുണ്ട്.
സ്വർണം പേസ്റ്റാക്കി ബെൽറ്റ് രൂപത്തിൽ ധരിച്ചാണ് യുവതി കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് കരുതുന്നു. ബിന്ദുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. വീട്ടില്‍ എത്തിയാകും മൊഴി രേഖപ്പെടുത്തുക.
ആരോഗ്യസ്ഥിതി മോശമെന്നറിയിച്ചതിനാൽ ബിന്ദുവിനെ ചോദ്യം ചെയ്യാതെ കസ്റ്റംസ് സംഘം ഇന്നലെ മടങ്ങിയിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിന് ശേഷം ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകും.