തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ അഡ്മിന് അറ്റാഷെയും നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസമാണ് അഡ്മിന് അറ്റാഷെ അബ്ദുല്ല സെയ്ദ് അല്‍ഖത്താനി യു.ഇ.എയിലേക്ക് തിരിച്ചുപോയത്. സ്വർണക്കടത്ത് അന്വേഷണത്തിെൻറ ഭാഗമായി അദ്ദേഹത്തെ യു.എ.ഇയിലേക്ക് വിളിപ്പിച്ചെന്നാണ് വിവരം. 15 ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് കോണ്‍സുലേറ്റ് ജീവനക്കാരോട് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
അബ്ദുല്ലക്ക് പകരം മുമ്പ് ഇവിടെയുണ്ടായിരുന്ന മെബ്റൂഖെന്നയെ കോണ്‍സുലേറ്റിലേക്ക് നിയമിച്ചിട്ടുണ്ട്. ശനിയാഴ്ച തലസ്ഥാനത്തെത്തിയ ഇദ്ദേഹം തിങ്കളാഴ്ച ചുമതല ഏറ്റെടുത്തു.
കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെ ഏഴ് യു.എ.ഇ പൗരന്മാണ് കോണ്സുലേറ്റിലുണ്ടായിരുന്നത്. കോണ്‍സല്‍ ജനറലും മറ്റ് നാലുപേരും കഴിഞ്ഞ മാർച്ചിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്വര്‍ണക്കടത്തില്‍ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കകം ആരോപണവിധേയനായ അറ്റാഷെയും രാജ്യംവിട്ടു. ശേഷിച്ച അഡ്മിൻ അറ്റാഷെ മിക്ക സമയവും നഗരത്തിലെ ഫ്ലാറ്റിൽ കഴിച്ചു കൂട്ടുകയായിരുന്നു.
ഓഫിസ് സ്ഥിതി ചെയ്യുന്ന മണക്കാട് മേഖല തുടർച്ചയായി കണ്ടെയ്ൻമെൻറ് സോൺ ആയതും പിന്നീട് ട്രിപ്ൾ ലോക്ഡൗൺ വരികയും ചെയ്തതോടെ അത്യാവശ്യത്തിന് മാത്രമാണ് അദ്ദേഹം കോണ്‍സുലേറ്റില്‍ പോയിരുന്നത്. ഇടക്ക് ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.