കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്. മൊഴിയെടുക്കാൻ ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടിനെ ചുമതലപ്പെടുത്തി.
രഹസ്യമൊഴി നൽകാൻ തയാറാണെന്ന് കാണിച്ച് സന്ദീപ് നായർ എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എൻ.ഐ.എ കോടതി അനുമതി നൽകിയതിനെ തുടർന്നാണ് സി.ആർ.പി.സി 164 പ്രകാരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും കേസിലെ മുഴുവന്‍ വിവരങ്ങളും തുറന്ന് പറയാന്‍ തയാറാണെന്നും സന്ദീപ് അറിയിച്ചിരുന്നു. ഭാവിയില്‍ ഈമൊഴി തനിക്കെതിരായ തെളിവാകുമെന്ന ബോധ്യത്താലെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി സി.ആർ.പി.സി 164 പ്രകാരം സന്ദീപിൻെറ രഹസ്യമൊഴിയെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍ രഹസ്യമൊഴി നല്‍കിയതുകൊണ്ട് സന്ദീപിനെ കേസില്‍ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു. രഹസ്യമൊഴി രേഖപ്പടുത്തേണ്ടത് മജിസ്ട്രേറ്റായതിനാൽ എൻ.ഐ.എ സി.ജെ.എം കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ് നായര്‍. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനായ കെ.ടി റമീസ്, സ്വപ്ന സുരേഷ് എന്നിവരുമായി അടുത്ത ബന്ധമുളളയാളു കൂടിയാണ് സന്ദീപ് നായര്‍.