മലപ്പുറത്തിനെതിരെ സംഘ്പരിവാർ വാദം ഏറ്റെടുത്ത് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദത്തിൽ മലപ്പുറത്തിനെതിരെ സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ആക്ഷേപങ്ങൾ ഏറ്റുപിടിച്ച് പ്രതിരോധം തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ.
‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇപ്രകാരമാണ്. ‘‘നാളുകളായി യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോൾ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ട്. അത് യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലാക്കി, ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി ആർ.എസ്.എസിനെതിരെ, സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നെന്ന് വരുത്തിതീർക്കുകയാണ് ചെയ്യുന്നത്. അതിന് കൂട്ടുനിന്ന് വർഗീയ വിഭജനം നടത്താൻവേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു. മുസ്ലിം തീവ്രവാദ ശക്തികൾക്കെതിരെ ഞങ്ങളുടെ സർക്കാർ നീങ്ങുമ്പോൾ ഞങ്ങൾ മുസ്ലിംകൾക്ക് എതിരാണ് എന്ന് വരുത്താൻ അവർ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, മലപ്പുറം ജില്ലയിൽനിന്ന് കേരള പൊലീസ് 150 കിലോ സ്വർണവും 123 കോടിയുടെ ഹവാലപ്പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്. ആർ.എസ്.എസിനോട് സി.പി.എമ്മിന് മൃദുസമീപനം എന്നത് സ്വർണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സർക്കാറിനെതിരായ പ്രതികരണം മാത്രമാണ്.’’
പി.വി. അൻവർ എം.എൽ.എക്ക് മറുപടി നൽകിയ വാർത്തസമ്മേളനത്തിലും മലപ്പുറത്തുനിന്ന് പിടികൂടിയ സ്വർണത്തിന്റെയും ഹവാല പണത്തിന്റെയും കണക്ക് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. അൻവർ സ്വർണക്കടത്തുകാർക്കുവേണ്ടിയാണ് രംഗത്തുവന്നിരിക്കുന്നതെന്ന് പറയാതെ പറഞ്ഞ മുഖ്യമന്ത്രി അഭിമുഖത്തിൽ തീവ്രവാദി മുദ്ര കൂടി ചാർത്തുകയാണ്. മലപ്പുറത്ത് നടക്കുന്നതിനെല്ലാം തീവ്രവാദ ചാപ്പയടിച്ചുള്ള പ്രചാരണം നടത്താറുള്ള സംഘ്പരിവാർ പക്ഷേ, തെളിവുകളൊന്നും മുന്നോട്ടുവെച്ചിട്ടില്ല. മലപ്പുറത്ത് വരുന്ന സ്വർണവും ഹവാല പണവും തീവ്രവാദത്തിനുള്ളതാണെന്ന് പറയുന്ന മുഖ്യമന്ത്രി പ്രസ്തുത ഫണ്ട് ആര്, ആർക്ക് കൊടുക്കുന്നെന്നതിന്റെ സൂചന പോലും നൽകുന്നില്ല. ഈ ഫണ്ട് കൈപ്പറ്റിയവർ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളും വിശദീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

