സ്വർണക്കടത്ത്: എയർ ഇന്ത്യ ഉദ്യോഗസ്ഥന് നാലുവർഷം കഠിന തടവ്
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥന് നാലുവർഷം കഠിന തടവ്. എയർ ഇന്ത്യ ഡെപ്യൂട്ടി ചീഫ് കാബിൻ ക്രൂവും മുംബൈ സ്വദേശിയുമായ ഹേമന്ദ് കുമാർ ഒബാനെയാണ് (40) എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്. 20,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്.
2017 ആഗസ്റ്റിൽ സൗദി അറേബ്യയിൽനിന്ന് 400 ഗ്രാം സ്വർണം കടത്തിയെന്ന കേസിലാണ് ശിക്ഷ. കസ്റ്റംസ് പരിശോധനയുണ്ടാകില്ലെന്ന് കരുതി സ്വർണവുമായി എത്തവേയാണ് ഡി.ആർ.െഎ പിടികൂടിയത്. ആഗസ്റ്റ് ഏഴിന് കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക് പോയ വിമാനത്തിലെ കാബിൻ ക്രൂവായിരുന്ന ഇയാൾ എട്ടിന് മടങ്ങിവരുന്നതിനിടെയാണ് സ്വർണം കടത്തിയത്. 11.92 ലക്ഷം രൂപ വിലവരുന്ന 100 ഗ്രാം വീതം തൂക്കമുള്ള നാല് സ്വർണക്കട്ടികളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
കുറ്റകൃത്യം ചെയ്തത് എയർ ഇന്ത്യ ഉദ്യോഗസ്ഥനായതിനാൽ കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്താണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്. ഇതിൽ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യം തെളിഞ്ഞതിനെത്തുടർന്നാണ് ശിക്ഷ വിധിച്ചത്.