മലപ്പുറം: വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ പലവിധ തന്ത്രങ്ങളാണ് കടത്തുകാർ പ്രയോഗിക്കാറ്. ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. തുടുത്ത ഈത്തപ്പഴത്തിന്റെ ഉള്ളിലെ കുരുവിന്റെ രൂപത്തിലാണ് സ്വർണം കടത്തിയത്. പരിശോധനയിൽ സ്വർണ സാന്നിധ്യം തെളിയുകയായിരുന്നു.
ഈത്തപ്പഴത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 91 ഗ്രാം സ്വർണം. എയർപോർട്ടിലെ സ്കാനറിൽ സ്വർണം തെളിയുകയായിരുന്നു. ഇത് കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു.
വയനാട് പെരിയ സ്വദേശി മുഹമ്മദ് ബഷീറാണ് (34) ഈത്തപ്പഴത്തിനുള്ളിലെ കുരു മാറ്റി പകരം സ്വർണമിശ്രിതം ഒളിപ്പിച്ചത്. ഇയാൾ ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് എത്തിയത്. കൂടാതെ, ചോക്ലേറ്റിനുള്ളിലും സ്വർണം ഒളിപ്പിച്ചിരുന്നു. കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
മറ്റൊരു കേസിൽ 9.2 ലക്ഷത്തിെൻറ സ്വർണവും പിടിച്ചു. ഇതിൽ എയർ കസ്റ്റംസ് ഇൻറലിജൻസാണ് കാസർകോട് സ്വദേശി മുഹമ്മദ് കാസിമിൽനിന്ന് (27) 9.2 ലക്ഷം രൂപ വില വരുന്ന 178 ഗ്രാം സ്വർണം പിടിച്ചത്. ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കാസിം എത്തിയത്. ഷൂസിനുള്ളിലും വസ്ത്രത്തിലുമായിരുന്നു കടത്ത്.