സ്വർണവില നിർണയം: വിശ്വാസ്യത സംരക്ഷിക്കണം -എം.പി. അഹമ്മദ്
text_fieldsകോഴിക്കോട്: രാജ്യത്ത് സ്വർണവില നിർണയത്തിൽ അംഗീകൃതമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ചില പ്രവണതകൾ കാണുന്നുണ്ടെന്നും അതു സ്വർണവ്യാപാരത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന വിശ്വാസ്യതക്ക് പോറലുണ്ടാക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവില, ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നീ മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും സ്വർണവില നിശ്ചയിക്കുന്നത്. കസ്റ്റംസ് തീരുവ നിശ്ചിതകാലത്തേക്ക് സ്ഥിരമാണ്. എന്നാൽ, അന്താരാഷ്ട്ര സ്വർണവിലയും ഇന്ത്യൻ രൂപയുടെ മൂല്യവും ചാഞ്ചാടിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഓരോ ദിവസവും വില നിർണയിക്കുന്നത്.
കേരളത്തിൽ വില നിർണയം വിശ്വാസ്വതയോടെയും കൃത്യമായും നടത്തിവരുന്നത് ഗോൾഡ് മർച്ചൻറ്സ് അസോസിയേഷനുകളാണ്. രാവിലെ ഒമ്പതരയ്ക്കു മുമ്പ് വില പ്രസിദ്ധപ്പെടുത്തും. വിപണിയിൽ അസാധാരണ മാറ്റങ്ങൾ സംഭവിക്കുന്ന വേളയിൽ മാത്രമേ ഒരു ദിവസം നടത്തിയ വിലനിർണയത്തിൽ മാറ്റം വരുത്താറുള്ളൂ.
എന്നാൽ, ഡിസംബർ 27 അവസാന ശനിയാഴ്‌ച ഇന്റർനാഷനൽ മാർക്കറ്റുകൾ അവധിയായിരിക്കെ ഒരു വിഭാഗം വ്യാപാരികൾ ഏകപക്ഷീയമായും നിലവിലുള്ള ധാരണക്ക് വിരുദ്ധമായും വൈകീട്ട് 5 മണിക്ക് ശേഷം ഗ്രാമിന് 110 രൂപ വില വർധിപ്പിച്ചു. അതിന്റെ കാരണം ഉപഭോക്താക്കളോട് വിശദീകരിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. ഇത്തരം പ്രവണതകൾ വ്യാപാര മേഖലയിലെ വിശ്വാസ്യത തകർക്കും. ഉപഭോക്താക്കൾ, നിക്ഷേപകർ, ഈ മേഖലയിൽ ജോലിചെയ്യുന്നവർ തുടങ്ങി എല്ലാവരിലും അത് ആശങ്ക ജനിപ്പിക്കും. അതുകൊണ്ട് ഇത്തരം പ്രവണതകളിൽനിന്ന് മാറിനിൽക്കണമെന്ന് എം.പി. അഹമ്മദ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

