ശബരിമല ദ്വാരപാലക ശിൽപങ്ങളുടെ സ്വർണാവരണം: രേഖ പിടിച്ചെടുത്ത് ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല ശ്രീകോവിലിന് ഇരുവശവുമുള്ള ദ്വാരപാലക ശിൽപങ്ങൾക്ക് 1999ൽ സ്ഥാപിച്ച സ്വർണാവരണത്തിന്റെ വിവരങ്ങളടങ്ങിയ രേഖകൾ പിടിച്ചെടുത്ത് ഹാജരാക്കാൻ ദേവസ്വം വിജിലൻസ് ഓഫിസർക്ക് ഹൈകോടതി നിർദേശം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് സൂപ്രണ്ട് ഹാജരാക്കിയ രേഖകൾ പരിശോധിച്ചപ്പോൾ 1999 മുതൽ ശിൽപങ്ങൾക്ക് സ്വർണാവരണം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും 2019ൽ സ്വർണം പൂശാൻ ചെമ്പുപാളികൾ കൈമാറിയപ്പോൾ നിലവിലുണ്ടായിരുന്ന സ്വർണം എന്തുചെയ്തുവെന്ന് പറയുന്നില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
അന്ന് ഉപയോഗിച്ച സ്വർണം എത്ര അളവിലുണ്ടായിരുന്നു, സ്പോൺസർ ഉണ്ടായിരുന്നോ, ജോലികൾ ചെയ്തത് ആര് എന്നീ വിവരങ്ങൾ അറിയിക്കണം. ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിനൽകുന്ന കാര്യത്തിൽ സ്പോൺസറുടെ താൽപര്യമെന്ത്, 2019ലും 2025ലും ഇതിനായി എത്ര സ്വർണം ഉപയോഗിച്ചു എന്നീ വിവരങ്ങളും അറിയിക്കണം.
അതേസമയം ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉടൻ തിരികെ കൊണ്ടുവരാൻ അനുമതി നൽകിയ കോടതി, ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ 12 സ്വർണപ്പാളികളിൽ നാലെണ്ണത്തിലെ സ്വർണം ഉരുക്കിയെന്നും ഇതിന്റെ ജോലികൾ തുടരാൻ അനുവദിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അനുമതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരായിരുന്ന ദേവസ്വം വിജിലൻസ് എസ്.പി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് മാർക്കറ്റിങ് മാനേജർ എന്നിവരിൽനിന്ന് കോടതി വിവരങ്ങൾ ആരാഞ്ഞു. മറ്റ് രണ്ട് ദ്വാരപാലക ശിൽപങ്ങൾ സ്ട്രോങ് റൂമിൽ ഉണ്ടെന്ന് സ്പോൺസറിന്റെ കത്തിൽ പറയുന്നുണ്ടെങ്കിലും അത് പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് വിജിലൻസ് എസ്.പി അറിയിച്ചു.
2019ൽ ശിൽപങ്ങളിലെ ചെമ്പ് പ്ലേറ്റുകൾ അഴിച്ചെടുത്ത് കൈമാറിയത് സംബന്ധിച്ച മഹസറിൽ നിലവിലുണ്ടായിരുന്ന സ്വർണ ക്ലാഡിങ്ങിനെക്കുറിച്ച് ഒന്നും പറയാത്തത് അസ്വാഭാവികമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും സ്ട്രോങ് റൂമിൽ ഉള്ളതായി പറയുന്ന ദ്വാരകപാലക ശിൽപത്തെക്കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് തുടർന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

