ശബരിമലയിലെ സ്വർണംപൂശിയ ദ്വാരപാലക ശിൽപം ദേവസ്വം ബോർഡിന് ചെമ്പുപാളിയായതെങ്ങനെ..?; 1999ൽ വിജയ് മല്യ വഴിപാടായി സമർപ്പിച്ചതാണ് ശ്രീകോവിൽ
text_fieldsപത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ 1999ൽ സ്വർണം പൂശിയതായ രേഖകൾ നിലനിൽക്കെ, ദേവസ്വം മഹസറിൽ ചെമ്പ് പാളികൾ. സ്വർണം പൂശാനായി 2019ൽ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ ശിൽപങ്ങൾ ഇളക്കിയെടുത്തപ്പോഴുള്ള മഹസറിലാണ് ചെമ്പ് പാളികളെന്ന് രേഖപ്പെടുത്തിയത്. ഇതടക്കമുള്ള ദുരൂഹത കണ്ടെത്തിയതോടെയാണ് വിഷയത്തിൽ അന്വേഷണം തുടരാനുള്ള ഹൈകോടതി നിര്‍ദേശം.
1999ൽ വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിൽ വഴിപാടായി സ്വർണം പൂശിയിരുന്നു. ഇതിനൊപ്പമാണ് ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപങ്ങളിലും സ്വർണപ്പാളികൾ പിടിപ്പിച്ചത്. ചെന്നൈയിലെ ജെ.എൻ.ആർ ജ്വല്ലറി ഗ്രൂപ് ഉടമ ജെ. നാഗരാജന്റെ നേതൃത്വത്തിലുള്ള 42 അംഗസംഘം സന്നിധാനത്ത് താമസിച്ച് ജോലികൾ ചെയ്യുകയായിരുന്നു. ചെമ്പുപാളികളിൽ മെർക്കുറി പുരട്ടി അതിനുമുകളിൽ സ്വർണത്തിന്‍റെ നേർത്തപാളികൾ ഒാരോന്നായി ചൂടാക്കി പിടിപ്പിച്ചു. താങ്ങുപീഠവും അന്ന് സ്വർണം പൂശി.
എന്നാൽ, 2019ൽ ഇവ ഇളക്കിയെടുത്തപ്പോൾ സ്വർണത്തെക്കുറിച്ച് പരാമർശിക്കാതെ ‘ചെമ്പുപാളികൾ’ എന്ന് മാത്രമാണ് രേഖയിലുള്ളത്. ദ്വാരപാലക ശിൽപങ്ങൾ ഗോൾഡ് പ്ലേറ്റിങ് നടത്തിത്തരാമെന്ന ബംഗളൂരു സ്വദേശി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭ്യർഥനപ്രകാരം ‘ചെമ്പ് പ്ലേറ്റുകൾ’ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയെന്നാണ് ദേവസ്വം രേഖകളിൽ വ്യക്തമാക്കുന്നത്. അതേസമയം, ഇവ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡ് മരാമത്ത് അസി. എൻജിനീയർക്കും ദേവസ്വം വിജിലൻസിനും നൽകിയ കത്തിൽ സ്വർണപ്പാളിയെന്ന തരത്തിൽ സൂചനകളുമുണ്ടായിരുന്നു.
2019ൽ ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ ശിൽപം ഇളക്കിമാറ്റിയപ്പോൾ 12 കഷ്ണങ്ങളായി 25.400 കിലോയെന്നാണ് രേഖകളിലുള്ളത്. ഇതിനൊപ്പം ദ്വാരപാലക ശിൽപങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്ന പീഠങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിച്ചു. ഇത് 17.400 കിലോഗ്രാം വരും. ഇതും 1999ൽ പരമ്പരാഗതരീതിയിൽ സ്വർണം പൂശിയിരുന്നു. എന്നാൽ, സ്വർണം മഹസറിൽ ഇടംപിടിച്ചില്ലെന്നാണ് ആക്ഷേപം.
ഇതിനിടെയാണ്, സ്വർണപ്പാളികൾ മങ്ങിയെന്ന് ചൂണ്ടിക്കാട്ടി ഈമാസം എട്ടിന് വീണ്ടും ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. പിന്നാലെ, ഹൈകോടതി അനുമതിയില്ലാതെയാണ് ഇവ കൊണ്ടുപോയതെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷൽ കമീഷണർ റിപ്പോർട്ട് നൽകിയതോടെ വിവാദമായി.
തുടർന്ന് വിഷയത്തിൽ ഇടപെട്ട കോടതി, സ്വർണം പൂശിയ ചെമ്പുപാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ സംശയവും പ്രകടിപ്പിച്ചു. 2019ൽ 42 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ സ്വർണംപൂശിയശേഷം തിരികയെത്തിച്ചപ്പോൾ നാലുകിലോ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. 1999ൽ എത്ര കിലോ സ്വർണം ഉപയോഗിച്ചതടക്കമുള്ളവ അന്വേഷിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, അന്ന് തനിക്ക് ലഭിച്ചത് ചെമ്പുപാളികൾ മാത്രമാണെന്നാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

