സ്കൂൾ ഒളിമ്പിക്സിന് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് -മന്ത്രി ശിവൻകുട്ടി
text_fieldsവി. ശിവന്‍കുട്ടി
തിരുവനന്തപുരം: ഈ വർഷം മുതൽ കേരള സ്കൂൾ ഒളിമ്പിക്സിൽ കൂടുതൽ പോയന്‍റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒക്ടടോബർ 22 മുതൽ 27 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്‍റെ സ്വാഗതസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്കൂൾ കലോത്സവ മാതൃകയിലാണ് ഒളിമ്പിക്സ് രീതിയിൽ നടത്തുന്ന കായികമേളക്കും സ്വർണക്കപ്പ് സമ്മാനിക്കുക. എത്ര പവന്‍റെ കപ്പാണ് എന്നത് വൈകാതെ തീരുമാനിക്കും. കാസർകോട് മുതലുള്ള ജില്ലകളിലെ സ്വീകരണത്തിനുശേഷമാണ് സ്വർണക്കപ്പ് വേദിയിൽ എത്തിക്കുക.
ഇത്തവണത്തെ സ്കൂൾ ഒളിമ്പിക്സ് ഗിന്നസ് വേൾഡ് റെക്കോഡിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗൾഫിൽ സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ പെൺകുട്ടികൾകൂടി കായികമേളയുടെ ഭാഗമാകും. കഴിഞ്ഞ വർഷം ഗൾഫ് സ്കൂളുകളെ ഉൾപ്പെടുത്തിയപ്പോൾ ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തത്. 1500 ഭിന്നശേഷി വിദ്യാർഥികളും മേളയുടെ ഭാഗമാകും. മത്സരങ്ങൾക്ക് 17 ഗ്രൗണ്ടുകളാണ് ആവശ്യം. പരിശീലനത്തിനുൾപ്പെടെ 22 ഗ്രൗണ്ടുകൾ കണ്ടെത്തും. ഭാഗ്യചിഹ്നവും തീം സോങ്ങും ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ ആന്‍റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എം. വിൻസെന്‍റ്, ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ സംസാരിച്ചു.
സ്കൂൾ ഒളിമ്പിക്സ് നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും മന്ത്രി ജി.ആർ. അനിൽ ചെയർമാനുമായുള്ള സ്വാഗതസംഘത്തിന് രൂപംനൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോർട്സ് ഓർഗനൈസർ ഡി.എസ്. അജീവാണ് ഓർഗനൈസിങ് കൺവീനർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

