'മകനെ ആപത്തിൽനിന്ന് രക്ഷിക്കാൻ പൂജ നടത്തണം'; വീട്ടമ്മയെ കബളിപ്പിച്ച് സ്വർണവും പണവും കവർന്നു
text_fieldsപറവൂർ: മകനെ വലിയ ആപത്തിൽനിന്ന് രക്ഷിക്കാൻ പ്രത്യേക പൂജ നടത്തണമെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച രണ്ടുപേർ സ്വർണവും പണവും കവർന്നു. അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയുടെ സ്വർണവും പണവുമാണ് കവർന്നത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം.
കൈലി മുണ്ടും ഷർട്ടും ധരിച്ച രണ്ടു പുരുഷന്മാർ ഇവരുടെ വീട്ടിലെത്തി വീട്ടിൽ ആരൊക്കെയുണ്ടെന്നു തിരക്കി. മകളുടെ വിവാഹം കഴിഞ്ഞെന്നും മകൻ ഗൾഫിലാണെന്നും താൻ ഒറ്റക്കാണ് താമസിക്കുന്നതെന്നും വീട്ടമ്മ പറഞ്ഞു. സൗഹൃദപരമായി സംസാരിച്ച ശേഷം മകനു വലിയ ആപത്തുണ്ടാകുമെന്നും പ്രത്യേക പൂജകൾ ചെയ്യണമെന്നും വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു.
പൂജ ചെയ്യാൻ സ്വർണം ആവശ്യമാണെന്നും പൂജക്കുശേഷം മൂന്നു മണിയോടെ തിരിച്ചെത്തിക്കാമെന്നും ഉറപ്പുനൽകി വീട്ടമ്മയുടെ ഒന്നര പവന്റെ മാലയും അരപവനും കാൽ പവനും വരുന്ന ഓരോ മോതിരങ്ങളും യാത്രച്ചെലവിനായി 1400 രൂപയും വാങ്ങി.
സ്വർണം കൊടുക്കാൻ ആദ്യം വീട്ടമ്മ തയാറായില്ല. എന്നാൽ, മകന് ആപത്തുണ്ടാകുമെന്നു വീണ്ടും ആവർത്തിക്കുകയും ഇവരുടെ വീടിനടുത്തുള്ള ചിലരുടെ പേരുകൾ പറയുകയും അവർക്കായി ഇത്തരം പൂജകൾ ചെയ്തിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. വൈകുന്നേരമായിട്ടും സ്വർണവുമായി പോയവർ തിരികെ എത്താതായതോടെ വീട്ടമ്മ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്നു പൊലീസിൽ പരാതി നൽകി.
സ്വർണം നൽകാൻ മടി കാണിച്ചപ്പോൾ അൽപം ദേഷ്യത്തോടെയാണ് വീട്ടിലെത്തിയവർ സംസാരിച്ചതെന്നും ഭയം തോന്നിയതിനാലാണു കൊടുത്തതെന്നും വീട്ടമ്മ പറഞ്ഞു. ഇതിന് മുമ്പ് ഇവർ ഇതേ വീട്ടിലെത്തി വീട്ടമ്മയുടെ മകനു ഗൾഫിൽ തന്നെ കൂടുതൽ നല്ല ജോലി കിട്ടാനായി പൂജ ചെയ്യാമെന്നു പറഞ്ഞു 2000 രൂപ വാങ്ങിയിരുന്നു. മേഖലയിൽ പലയിടത്തും ഇത്തരം തട്ടിപ്പു നടന്നിട്ടുണ്ടെന്നും ഇവർ പല വീടുകളിലും കയറിയിറങ്ങി പണം വാങ്ങിയിട്ടുണ്ടെന്നും വീട്ടുകാരുടെ വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് വീടുകളിൽ എത്തുന്നതെന്നും നാട്ടുകാരിൽനിന്ന് അറിഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

