‘കാശിക്ക് പോകുന്നു’; കത്തെഴുതി നാടുവിട്ട വിദ്യാർഥിക്കായി അന്വേഷണം ഊർജിതം
text_fieldsപാനൂർ : കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ ശിവസൂര്യ (17)യെ കുറിച്ചുള്ള അന്വേഷണം ചൊക്ലി പൊലീസ് ഊർജിതമാക്കി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിജയ് ഭാരത് റെഡിയുടെ പ്രത്യേക നിർദേശപ്രകാരം തലശേരി എ.എസ്.പി ഡോ. നന്ദു ഗോപന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതോടെയാണ് വിദ്യാർഥി നാടുവിട്ടത്.
ശിവസൂര്യയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ ജിഗീഷ് പറഞ്ഞു. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അഞ്ച് ദിവസം മുമ്പാണ് വിദ്യാർഥിയെ കാണാതായത്. രൂപ സാദൃശ്യമുള്ളയാളെ കുറിച്ച് പാലക്കാട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. ഇതിനിടെ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ കാണാതായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തണമെന്നും പി.ടി.എ യോഗം ആവശ്യപ്പെട്ടു.
ഉന്നത ഉദ്രോഗസ്ഥർ ഇടപെട്ട് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും സമഗ്ര അന്വോഷണം നടത്തി കുട്ടിയെ അടിയന്തിരമായും കണ്ടെത്തണമെന്നും പി.ടി.എ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റും, രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡന്റുമായ എൻ. അനൂപ് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രിൻസിപ്പൽ പ്രശാന്ത്, പ്രാധാനാധ്യാപിക സ്മിത, ഡെ: എച്ച്.എം ഉദയകുമാർ, മദർ പി.ടി.എ പ്രസിഡന്റ് ഹാജിറ, ജയതിലകൻ മാസ്റ്റർ, കെ.ടി.കെ പ്രദീപൻ, പി.കെ വിനീഷ്, ഷീബ, ശരണ്യ, വിനോദ് കുമാർ, രജീഷ്, അഷിത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

