ക്ഷേത്ര സ്വത്തിന്‍റെ ഉടമ പൂജാരിയല്ല; പ്രതിഷ്ഠയാണെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൂജാരിയെ ക്ഷേത്രസ്വത്തിെൻറ ഉടമയായി പരിഗണിക്കാൻ കഴിയില്ലെന്നും പ്രതിഷ്ഠയാണ് അതിെൻറ ഉടമയെന്നും സുപ്രീംകോടതി. ക്ഷേത്രത്തിെൻറ സ്വത്ത് പരിപാലിക്കാനായി കൈവശം വെക്കുക മാത്രമാണ് പൂജാരിയുടെ കടമയെന്നും കോടതി വിധിച്ചു. ക്ഷേത്ര സ്വത്തുക്കൾ പൂജാരികൾ വിൽപന നടത്തുന്നതിനെതിരെ കൊണ്ടുവന്ന സർക്കുലർ റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച അപ്പീലിൽ ആണ് സുപ്രീംകോടതി വിധി.
''ക്ഷേത്ര സ്വത്തുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ രേഖയിൽ, സ്വത്തിെൻറ യഥാർഥ അവകാശിയായ പ്രതിഷ്ഠയുടെ പേരു മാത്രമാണ് രേഖപ്പെടുത്തേണ്ടത്. കൈവശാവകാശവും പ്രതിഷ്ഠക്കാണ്. അത് നടപ്പിൽ വരുത്തുന്നത് പ്രതിഷ്ഠയുടെ സേവകനിൽ കൂടിയാണ്. അതുകൊണ്ട് ആ സേവകെൻറ പേര് കൈവശാവകാശ രേഖയിൽ ചേർക്കേണ്ടതില്ല'' -ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. പൂജാരി കൈവശക്കാരനോ സർക്കാർ പാട്ടക്കാരനോ അല്ലെന്നും ദേവസ്വത്തിനുവേണ്ടി ആ സ്വത്ത് പരിപാലിക്കാൻ ചുമതലപ്പെട്ട ആൾ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തന്നിലർപ്പിക്കപ്പെട്ട ചുമതല നിർവഹിക്കുന്നതിൽ പൂജാരി പരാജയപ്പെട്ടാൽ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു.
ക്ഷേത്ര സ്വത്തുമായി ബന്ധപ്പെട്ട റവന്യൂ രേഖകളിൽനിന്ന് പൂജാരിമാരുടെ പേരുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ സർക്കുലറുകൾ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

