കേരളത്തിൽ ബി.ജെ.പി വലിയ വിജയം നേടുമെന്ന് ഗോവ മുഖ്യമന്ത്രി; ന്യൂനപക്ഷങ്ങൾ പിന്തുണക്കും
text_fieldsലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി വലിയ വിജയം നേടും അതിന് ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെ പിന്തുണയുണ്ടാകണമെന്നും ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്. ബി.ജെ.പി കോട്ടയം ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ലോക്സഭ ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബി.ജെ.പി ഇക്കുറി 10 സീറ്റിലെങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷ. കോട്ടയവും ഗോവയും തമ്മിൽ വളരെയധികം സാമ്യമുണ്ട്. ഭൂപ്രകൃതിയിലും ഭക്ഷണക്കാര്യത്തിലും മാത്രമല്ല ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ ഒരുമിച്ച് പാർക്കുന്ന ഇടം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാറാണ് കേന്ദ്രത്തിലും ഗോവയിലുമായി പ്രവർത്തിക്കുന്നത്. 2012 മുതൽ സംസ്ഥാനത്തുണ്ടായ വികസനത്തിനെല്ലാം കാരണം ഇതാണ്. അത്തരത്തിലുള്ള വികസനം സാധ്യമാകാൻ കേരളീയരും പ്രത്യേകിച്ച് ന്യൂനപക്ഷാംഗങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യണം. മോദിയുടെ ഗ്യാരന്‍റി ഉറപ്പുള്ള ഗ്യാരന്‍റിയാണ്. അതിന്‍റെ ഫലമാണ് ഇന്ത്യയിലെങ്ങും ദർശിക്കാനാകുന്നത്.
ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വികസനത്തിന് തുടക്കം കുറിക്കാനുള്ള ശരിയായ സമയമാണിപ്പോൾ. കേന്ദ്ര സർക്കാർ പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയെടുത്ത് നിരവധി വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കിയത്. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വളരെ ആത്മവിശ്വാസത്തിലാണ്. നരേന്ദ്രമോദിയിൽ കേരളത്തിലെ ജനത്തിനും വിശ്വാസം വർധിച്ചു. അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുമെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ലിജിൻലാലും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

