ഗ്ലൈഫോസേറ്റ് കളനാശിനി പൂർണ്ണമായും നിരോധിച്ചു
text_fieldsതിരുവനന്തപുരം: ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെയും ഇവ അടങ്ങിയ മറ്റ് ഉൽപന്നങ്ങളുടെയും വിൽപനയും വിതരണവും ഉപയോഗവും നിരോധിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍. രണ്ടിന് നിലവില്‍ വന്ന നിരോധനം രണ്ടുമാസത്തേക്കാണ്. കാര്‍ഷിക സര്‍വകലാശാല പഠനറിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും. കേരളത്തെ ഘട്ടംഘട്ടമായി രാസകീടനാശിനിമുക്തമാക്കുക എന്നതാണ് സർക്കാർ നയമെന്ന് പ്രത്യേക പ്രസ്താവനയിലൂടെ മന്ത്രി നിയമസഭയെ അറിയിച്ചു.
സർക്കാർ നിയന്ത്രിത കീടനാശിനിയായി നിശ്ചയിച്ച ഏഴെണ്ണത്തിൽ ഒന്നാണ് റൗണ്ട് അപ്പ്, ഫൈസൽ തുടങ്ങിയ വ്യാപാരനാമങ്ങളിൽ അറിയപ്പെടുന്ന ഗ്ലൈഫോസേറ്റ്. തേയിലത്തോട്ടങ്ങളിലും കൃഷിയില്ലാത്ത ഭൂമിയിലും മാത്രം ശിപാർശ ചെയ്തിട്ടുള്ള ഈ കളനാശിനി നെൽപ്പാടങ്ങളിൽ കൃഷിയിറക്കുന്നതിനു മുന്നോടിയായി ഉപയോഗിക്കുന്നു. പൈനാപിൾ, വാഴ കൃഷിക്ക് കളനിയന്ത്രണത്തിനും ഉപയോഗിക്കുന്നുണ്ട്. വീട്ടുമുറ്റത്തെ ഇൻറർലോക്ക് ഇഷ്ടികകൾക്കിടയിലെ പുല്ല് നശിപ്പിക്കുന്നതിനുപോലും ഈ മാരക കളനാശിനി ഉപയോഗിക്കുന്നു എന്നത് ആശങ്കജനകമാണെന്ന് മന്ത്രി പറഞ്ഞു.
കൃഷിഭവനില്‍നിന്നുള്ള കുറിപ്പടിയില്ലാതെ കീടനാശിനി വില്‍ക്കുന്നതും നിരോധിച്ചു. മരുന്നുകമ്പനികള്‍ നേരിട്ട് കീടനാശിനികളും കള, കുമിള്‍ നാശിനികളും വില്‍ക്കുന്നതും നിരോധിച്ചു. കമ്പനി പ്രതിനിധികള്‍ ഫീല്‍ഡ് ഓഫിസര്‍മാര്‍ എന്ന പേരില്‍ കര്‍ഷക യോഗം വിളിക്കുന്നതും മരുന്നിനെക്കുറിച്ച് പ്രചാരണം നടത്തി വില്‍ക്കുന്നതും നിരോധിച്ചു. തൊഴിലാളികള്‍ക്ക് 25നകം കൃഷിഭവനുകള്‍ വഴി പരിശീലനം നൽകും. സംസ്ഥാനതലത്തില്‍ എന്‍ഫോഴ്സ്മെൻറ് വിഭാഗം രൂപവത്കരിക്കും. മിത്രകീടങ്ങളെ വളര്‍ത്തുന്ന കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
