ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവം: മിഹിറിനെ കുറ്റപ്പെടുത്തി ഗ്ലോബൽ പബ്ലിക് സ്കൂൾ
text_fieldsതൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥിക്കെതിരെ ആരോപണങ്ങളുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ. മരിച്ച മിഹിർ അഹമ്മദ് സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്തക്കുറിപ്പിൽ സ്കൂൾ അധികൃതർ കുറ്റപ്പെടുത്തുന്നത്. മുമ്പ് പഠിച്ച സ്കൂളിലുണ്ടായ പ്രശ്നത്തിന്‍റെ പേരിൽ ടി.സി നൽകിയതാണെന്നും ഒരു ചാൻസ് എന്ന രീതിയിൽ പ്രവേശനം അനുവദിച്ചതാണെന്നുമാണ് അറിയിപ്പിലുള്ളത്. എന്നാൽ സ്കൂളിന്‍റെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് മിഹിറിന്‍റെ മാതാവ് പ്രതികരിച്ചിട്ടുണ്ട്.
സ്കൂളിൽ വിദ്യാർഥി നേരിട്ടതായി മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ ആരോപണവിധേയരായ കുട്ടികൾക്കെതിരെ നടപടിയെടുക്കാൻ തെളിവുകളില്ലെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. എന്നാൽ, ക്ലോസറ്റിൽ തല താഴ്ത്തിവെച്ച് ഫ്ലഷ് ചെയ്യിപ്പിച്ചതായും മറ്റും പറഞ്ഞ് മിഹിറിന്‍റെ മാതാവ് നൽകിയ പരാതി സംബന്ധിച്ച് കുറിപ്പിൽ പരാമർശമൊന്നുമില്ല.
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മിഹിറിനെ പങ്കെടുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളിൽ ഉൾപ്പെടെ അവൻ സജീവമായിരുന്നു. ജീവനൊടുക്കിയ ദിവസം മിഹിർ ശാന്തനും സന്തോഷവാനുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. മാതാവിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വരുമ്പോഴാണ് റാഗിങ് നടന്നുവെന്ന ആരോപണം സ്കൂൾ അറിയുന്നത്. എന്നാൽ, സ്കൂൾ നടത്തിയ അന്വേഷണത്തിൽ അത്തരം ഒരു സംഭവം ഉണ്ടായതായി കണ്ടെത്താനായില്ലെന്നും കുറിപ്പിലുണ്ട്.
വിശദീകരണക്കുറിപ്പിലൂടെ സ്കൂള്‍ അധികൃതർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വാദം തെറ്റാണെന്നും മിഹിറിന്‍റെ മാതാവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ മകന്‍ ജീവനൊടുക്കില്ലായിരുന്നു. മുമ്പ് പഠിച്ച സ്കൂളില്‍നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അവർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.