വാദങ്ങൾ നിരത്തി സമർഥിച്ച് ആഗോള മാധ്യമോത്സവം
text_fieldsമികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ പുരസ്കാരത്തിന് അർഹനായ ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന് മാധ്യമപ്രവർത്തകയും ചെക് സംവിധായികയുമായ പാവ്ലോ ഹോൽകാവ ഉപഹാരം നൽകുന്നു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു, മോഡറേറ്റർ ഡോ. സെബാസ്റ്റ്യൻ പോൾ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് എന്നിവർ സമീപം
കൊച്ചി: മാധ്യമങ്ങളുടെ പക്ഷവും നിഷ്പക്ഷതയും ചർച്ച ചെയ്ത് മലയാളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകർ. നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്ന് ഒന്നില്ലെന്നും വലതുപക്ഷമോ പുരോഗമനപക്ഷമോ എന്ന രണ്ട് നിലപാടുകളേ മാധ്യമ പ്രവർത്തനത്തിലുള്ളൂ എന്നും ‘ദേശാഭിമാനി’ ജനറൽ എഡിറ്ററും മീഡിയ അക്കാദമി മുൻ ചെയർമാനുമായ കെ. മോഹനൻ. പക്ഷം പിടിക്കാതെ വാർത്തകൾ അതേപടി നൽകാനാകുമെന്നും അതാണ് ‘മാധ്യമം’ പത്രത്തിന് ലഭിച്ച സ്വീകാര്യതയെന്നും ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ.
കേരള മീഡിയ അക്കാദമി കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള മാധ്യമോത്സവം ‘കട്ടിങ് സൗത്ത് -2023’ ന്റെ ഭാഗമായി നടന്ന മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങാണ് സംവാദ വേദിയായത്. ‘മലയാള മനോരമ’ എഡിറ്റോറിയൽ ഡയറക്ടറും മീഡിയ അക്കാദമിയുടെ മുൻ ചെയർമാനുമായ തോമസ് ജേക്കബും വാദങ്ങൾ നിരത്തി. മുൻ എം.പിയും മാധ്യമ പ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ മോഡറേറ്ററായിരുന്നു. താൻ തികഞ്ഞ പക്ഷപാതിത്വമുണ്ടായിരുന്ന മാധ്യമ പ്രവർത്തകനായിരുന്നുവെന്ന് കെ. മോഹനൻ പറഞ്ഞു. സമൂഹത്തിലെ അവഗണിക്കപ്പെട്ടവനും കൊടിയ ചൂഷണത്തിനും മർദനത്തിനും വിധേയരായ, സ്വന്തമായി ശബ്ദമില്ലാത്തവരുമായ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ പക്ഷത്തായിരുന്നു താൻ നിലകൊണ്ടത്. വലതുപക്ഷ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നവരും പുരോഗമനാശയങ്ങളെ പ്രതിനിധാനം ചെയ്യുന്നവരും എന്ന രണ്ട് പക്ഷമല്ലാതെ മറ്റൊരു മാധ്യമ പ്രവർത്തനം കാണാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മലയാള മനോരമ’യും ‘മാതൃഭൂമി’യും ‘ദേശാഭിമാനി’യും അവരുടേതായ വായനാസമൂഹം സൃഷ്ടിച്ച് കഴിഞ്ഞശേഷം അതിനിടയിലേക്കാണ് ‘മാധ്യമം’ കടന്നുവന്നതെന്ന് ഒ. അബ്ദുറഹ്മാൻ പറഞ്ഞു. വാർത്തകൾ പരമാവധി ആർക്ക് എതിരായാലും അനുകൂലമായാലും വാർത്തകൾ വാർത്തകളായി നൽകുന്ന സമീപനമാണ് ‘മാധ്യമം’ സ്വീകരിച്ചത്. പത്രത്തിന്റെ നിലപാട് എഡിറ്റോറിയൽ പേജിലാണ് പ്രതിഫലിക്കേണ്ടത്. വാർത്തകൾ ശേഖരിക്കുന്നതിൽ തെറ്റ് പറ്റാം. അങ്ങനെ സംഭവിക്കുമ്പോൾ ബന്ധപ്പെട്ട ആളുകൾ അത് നിഷേധിച്ചാൽ അതും തുല്യ പ്രാധാന്യത്തോടെ നൽകിയിരിക്കണം. അത് നമുക്ക് യോജിക്കുമോ, ഇല്ലയോ എന്ന് നോക്കേണ്ടതില്ല. തട്ടിപ്പ് പരസ്യങ്ങളും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങളും നൽകേണ്ടതുണ്ടോ എന്ന് മാധ്യമങ്ങൾ ചിന്തിക്കണം. അത് പരസ്യമാണ്. പത്രത്തിന് ഉത്തരവാദിത്തമില്ല എന്ന് പറയാനാകില്ല. പരസ്യമായാലും ആളുകൾ വായിക്കുന്നതാണ്. അതിനാൽ ഉത്തരവാദിത്തത്തിൽനിന്ന് പത്രങ്ങൾ ഒഴിയുന്നത് ശരിയല്ലെന്നും ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
വായനക്കാരന് ഇഷ്ടമാകുംവിധം വാർത്തകൾ നൽകിയില്ലെങ്കിൽ അവർ ഇഷ്ടപ്പെട്ട പത്രം തേടിപ്പോകുമെന്നും അതിനാൽ വായനക്കാരന് ഇഷ്ടമാകുംവിധം വാർത്തകൾ നൽകേണ്ടത് ആവശ്യമാണെന്നും തോമസ് ജേക്കബ് പറഞ്ഞു. വായനക്കാരെ ആകർഷിക്കാനാണ് പത്രങ്ങൾ വായനക്കാർക്ക്കൂടി ഇടപെടാൻ അവസരം നൽകുന്ന പംക്തികൾ തുടങ്ങിയത്. വായനക്കാരന് തന്റെ നാട്ടിലെ വാർത്തകളോടാണ് കൂടുതൽ താൽപര്യം. അതിനാലാണ് പത്രങ്ങൾ പ്രാദേശിക എഡിഷനുകൾ തുടങ്ങിയതെന്നും തോമസ് ജേക്കബ് പറഞ്ഞു. കെ. മോഹനനും തോമസ് ജേക്കബിനുമുള്ള മീഡിയ അക്കാദമിയുടെ ഉപഹാരങ്ങൾ ചെക് പത്രപ്രവർത്തക പാവ്ല ഹൊൽകോവ സമ്മാനിച്ചു. മീഡിയ അക്കാദമിയുടെ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ പുരസ്കാരം പാവ്ല ഹൊൽകോവ ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

