ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന്; വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും
text_fieldsതിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിച്ച് ആഗോള തീർഥാടനകേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാറും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്.
ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ല ഭരണകൂടത്തിന്റെ കീഴില്‍ പ്രധാന സ്വാഗതസംഘം ഓഫിസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫിസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സൗകര്യം ഏര്‍പ്പെടുത്തും. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരമൊരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. 2028ല്‍ ശബരിമല വിമാനത്താവളം കമീഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.
ശബരിമല ചരിത്രത്തിലെ പുതിയ അധ്യായമാകും ആഗോള അയ്യപ്പസംഗമമെന്ന് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഓരോവര്‍ഷവും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അയ്യപ്പസംഗമത്തിലൂടെ പ്രസക്തി കൂടുതല്‍ ഉയരുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികളായ എ. അജികുമാര്‍, പി.ഡി സന്തോഷ് കുമാര്‍, ഡി.ഐ.ജി അജിതാ ബീഗം, പത്തനംതിട്ട, ആലപ്പുഴ ജില്ല പൊലീസ് മേധാവികളായ ആര്‍. ആനന്ദ്, എം.പി. മോഹനചന്ദ്രന്‍, ദേവസ്വം കമീഷണര്‍ ബി. സുനില്‍ കുമാര്‍, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ഐക്യ മലയരയ മഹാസഭ പ്രതിനിധികളായ എം. സംഗീത് കുമാര്‍, സുരേഷ് പരമേശ്വരന്‍, കെ.കെ. സനല്‍ കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റവന്യൂ-ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി
സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, റവന്യൂ മന്ത്രി കെ. രാജന്‍, പ്രതിപക്ഷ.നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ രക്ഷാധികാരികളാവും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാര്‍, പി.എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, എം.ബി. രാജേഷ്, ഒ.ആര്‍ കേളു, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി എ. ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ എന്നിവരാണ് ഉപരക്ഷാധികാരികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

